അപൂര്‍വ രോഗം ബാധിച്ച മലയാളി യുവാവിനെ ചികിത്സയ്ക്കായി നാട്ടിലെത്തിക്കാന്‍ മലയാളികള്‍ ഒരുമിക്കുന്നു, ഒരു ജീവന്‍ രക്ഷിക്കാന്‍ നമുക്കും പങ്കാളികളാകാം

അപൂര്‍വ രോഗം ബാധിച്ച മലയാളി യുവാവിനെ ചികിത്സയ്ക്കായി നാട്ടിലെത്തിക്കാന്‍ മലയാളികള്‍ ഒരുമിക്കുന്നു, ഒരു ജീവന്‍ രക്ഷിക്കാന്‍ നമുക്കും പങ്കാളികളാകാം

ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയുമായി ബ്രിട്ടനിലെത്തിയ മലയാളി യുവാവ് അപൂര്‍വ രോഗം ബാധിച്ച് മരണത്തോട് മല്ലടിക്കുകയാണ്. ബ്രിട്ടനിലെ ഹേവാര്‍ഡ്ഹീത്തിലെ ജോമി ജോണ്‍(29) എന്ന യുവാവാണ് സബ് അക്യൂട്ട് സ്‌കെലെറോസിംഗ് പാന്‍എന്‍സഫലിറ്റിസ്( എസ്എസ്പിഇ) എന്ന അപൂര്‍വ രോഗം ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നത്. ഈ രോഗത്തിന് ബ്രിട്ടനില്‍ ചികിത്സയില്ലെന്നാണ് എന്‍എച്ച്എസ് പറയുന്നത്. എന്നാല്‍ കേരളത്തില്‍ ഈ രോഗത്തിന് ചികിത്സയുണ്ട്. വൈക്കത്തുള്ള ഇന്‍ഡോ അമേരിക്കന്‍ ആശുപത്രി ഇത്തരം രോഗികളെ ചികിത്സിച്ച് ഭേദമാക്കിയിട്ടുണ്ടെന്ന് എന്‍എച്ച്എസും സമ്മതിക്കുന്നു. ഹേവാര്‍ഡ്ഹീത്ത് ആശുപത്രിയില്‍ കഴിയുന്ന ജോമിയെ വൈക്കത്ത് എത്തിക്കാമെന്ന് എന്‍എച്ച്എസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. . അത്യാധുനിക സൗകര്യങ്ങളോടെ നാലോ അഞ്ചോ എന്‍എച്ച്എസ് ജീവനക്കാരെയും ഒപ്പം കൂട്ടി വേണം ജോമിയെ വൈക്കത്ത് എത്തിക്കാന്‍. ഇതിന് കുറഞ്ഞത് 25,000 പൗണ്ട് എങ്കിലും ചെലവ് വരും. എന്നാല്‍ ഇതിനുള്ള പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് ജോമിയുടെ നിര്‍ധന കുടുംബം. ആ കുടുംബത്തിന്റെ നിസഹായവസ്ഥ മനസിലാക്കിയ പ്രവാസി മലയാളികള്‍ ജോമിയെ സഹായിക്കാനുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലാണ്. സ്വന്തം സമ്പാദ്യത്തില്‍ നിന്ന് തങ്ങളാല്‍ കഴിയുന്നത് അവര്‍ നല്‍കിക്കഴിഞ്ഞു. ഒപ്പം മറ്റുള്ളവരെ സമീപിച്ച് ബാക്കിയുള്ള തുക കണ്ടെത്താന്‍ എല്ലാവരും മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ജോമിയുടെ അവസ്ഥ മനസിലാക്കുന്ന ഓരാള്‍ക്കുപോലും എന്തെങ്കിലും സഹായം ആ കുടുംബത്തിന് നല്‍കാതിരിക്കാന്‍ കഴിയില്ല.

നാലര വര്‍ഷം മുമ്പാണ് ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയുമായി കിഴക്കമ്പലം സ്വദേശിയായ ജോമി യുകെയില്‍ എത്തിയത്. ബാങ്ക് ലോണെടുത്തും കടം വാങ്ങിയുമാണ് ഈ ചെറുപ്പക്കാരന്‍ വര്‍ക്ക് പെര്‍മിറ്റില്‍ യുകെയിലെത്തി പ്രവാസജീവിതം ആരംഭിച്ചത്. ഗ്ലോട്ടന്‍ഹാം മാനര്‍ നേഴ്‌സിംഗ് ഹോമില്‍ ജോലി ചെയ്ത് ജോമി അയച്ചുകൊടുക്കുന്ന പണം കൊണ്ടാണ് രോഗിയായ മാതാപിതാക്കളും മൂത്ത സഹോദരിയും അനിയനുമടങ്ങുന്ന കുടുംബം കഴിഞ്ഞുപോന്നത്. ആറുമാസം മുമ്പ് നാട്ടില്‍ പോയ ജോമി പിറവം സ്വദേശിയായ ജിന്‍സിയെ വിവാഹം കഴിക്കുകയും നാലുമാസം മുമ്പ് ഇവര്‍ യുകെയില്‍ തിരിച്ചെത്തുകയും ചെയ്തു. ജിന്‍സിയും ഗ്ലോട്ടന്‍ഹാം മാനര്‍ നേഴ്‌സിംഗ് ഹോമില്‍ കെയററായി ജോലി ചെയ്യുകയാണ്. വിവാഹത്തിന് മുമ്പായി വീടുപണിയുമായി ബന്ധപ്പെട്ട് ലോണ്‍ എടുക്കേണ്ടി വന്നതിനാല്‍ നാട്ടില്‍ ഏകദേശം 30 ലക്ഷത്തോളം രൂപയുടെ ബാധ്യത ജോമിയ്ക്കുണ്ട്. വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനുള്ളില്‍ യുകെയിലെത്തിയ ദമ്പതികള്‍ ബാധ്യതകള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ജനുവരിയില്‍ ജോമിയ്ക്ക് സുഖമില്ലാതാകുന്നത്. ശക്തമായ പനിയും ക്ഷീണവും ഓര്‍മ്മക്കുറവും ഉണ്ടായതോടെ ജോമിയെ ഈസ്റ്റ് സസക്‌സിലെ കോണ്‍ക്വിസ്റ്റ് എന്‍എച്ച്എസ് ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പനിയും സ്‌ട്രെസും മൂലമുള്ള ക്ഷീണമാണെന്ന് പറഞ്ഞ് ഒരു ദിവസം അഡ്മിറ്റ് ചെയ്ത ശേഷം വിശ്രമിക്കാന്‍ നിര്‍ദേശം നല്‍കി ഡോക്ടര്‍മാര്‍ ജോമിയെ വീട്ടിലേക്കയച്ചു. ഹേസ്റ്റിംഗില്‍ ഒരു ബെഡ്‌റൂം ഫഌറ്റിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. വീട്ടിലെത്തി മൂന്നുദിവസം കഴിഞ്ഞിട്ടും ക്ഷീണം മാറിയില്ലെന്ന് മാത്രമല്ല സംസാരിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്തു. ഇതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിശദമായ പരിശോധനയില്‍ തലച്ചോറില്‍ അണുബാധയുണ്ടെന്ന് കണ്ടെത്തുകയും തുടര്‍ന്ന് സബ് അക്യൂട്ട് സ്‌കെലെറോസിംഗ് പാന്‍എന്‍സഫലിറ്റിസ്( എസ്എസ്പിഇ) അപൂര്‍വരോഗമാണ് ബാധിച്ചിരിക്കുന്നതെന്ന് കണ്ടെത്തുകയുമായിരുന്നു.

ചികിത്സയില്ലാത്തതിനാല്‍ ഹേവാര്‍ഡ്ഹീത്തിലെ ന്യൂറോ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയായ പ്രിന്‍സസ് റോയല്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് ജോമി. ജോമിയുടെ നില ഗുരുതരമായി തുടരുകയാണെന്നും എത്രയും വേഗം ചികിത്സ ലഭ്യമാക്കണമെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഭാര്യ ജിന്‍സിയും മലയാളി സമൂഹവും പ്രാര്‍ത്ഥനയും സഹായവുമായി ആശുപത്രിയിലുണ്ട്. ജോമിയെ നാട്ടിലെത്തിച്ച് ചികിത്സ നല്‍കാനുള്ള തയാറെടുപ്പിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. വിവിധ എയര്‍ലൈനുകളുമായി ബന്ധപ്പെടുന്നുണ്ട്.

അതേസമയം ജോമിയെ നാട്ടിലെത്തിക്കാനുള്ള തുക കണ്ടെത്തുന്നതിനും കടബാധ്യതകളാല്‍ വലയുന്ന കുടുംബത്തിന് സഹായം നല്‍കുവാനും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റിമാരുടെ മീറ്റിംഗില്‍ തീരുമാനം എടുക്കുകയും ഇതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങള്‍ക്കും ഒരു ജീവന്‍ രക്ഷിക്കാനുള്ള പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാം. സഹായം ബ്രിട്ടീഷ് മലയാളി ചാരിറ്റി അക്കൗണ്ടിലേക്ക് നല്‍കാം. എല്ലാ ദിവസവും ബാങ്ക് സ്റ്റേറ്റ്‌മെന്റ് പ്രസിദ്ധീകരിക്കും. ഇതിനായി തുറന്ന വിര്‍ജിന്‍ മണി അക്കൗണ്ടില്‍ പണം നിക്ഷേപിച്ചാല്‍ ഗിഫ്റ്റ് എയ്ഡായി ലഭിക്കുന്ന പണവും ജോമിക്ക് നല്‍കാനാകും. ഒരു പൗണ്ടിന് 25 പെന്‍ഡസ് വീതം ഗിഫ്റ്റ് എയ്ഡ് ലഭിക്കും. പണം ഇടുമ്പോള്‍ ഗിഫ്റ്റ് എയ്ഡ് നല്‍കാന്‍ അനുമതി നല്‍കിയെന്ന കാര്യം രേഖപ്പെടുക്കണം.

ജോമിയെ സഹായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

http://uk.virginmoneygiving.com/fundraiser-web/fundraiser/showFundraiserProfilePage.action?userUrl=britishmalayali

വിര്‍ജിന്‍ മണി വഴി പണം നല്‍കാന്‍ കഴിയാത്തവര്‍ക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ചിലേക്ക് പണം നല്‍കാം.

Name: British Malayali Charity Foundation
Account Nunber: 72314320
Sort Code: 40 40 08
Reference: Jomi Appeal
IBAN Number: GB70MIDL40470872314320

Share this news

Leave a Reply

%d bloggers like this: