പോലീസ് അക്കാദമി കാമ്പസില്‍ ഐജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ കാറോടിച്ച സംഭവം: അന്വേഷണം തുടങ്ങി

തൃശൂര്‍: പോലീസ് അക്കാഡമിയുടെ മേധാവി ഐജി സുരേഷ് രാജ് പുരോഹിതിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ അക്കാദമി കാമ്പസില്‍ ഔദ്യോഗിക വാഹനം നിയമ വിരുദ്ധമായി ഓടിച്ചെന്ന ആക്ഷേപത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഡിജിപിയുടെ നിര്‍ദേശാനുസരണം പോലീസ് പരിശീലന വിഭാഗം ചുമതലയുള്ള എഡിജിപി രാജേഷ് ദിവാനാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ഐജിയുടെ പതിനേഴു വയസുള്ള മകന്‍ വാഹനം ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് അക്കാഡമിയിലെ തന്നെ പോലീസുകര്‍ പുറത്തുവിട്ടിരുന്നു. ഇതു വിവാദമായതിനെത്തുടര്‍ന്നാണ് ഡിജിപി അന്വേഷണത്തിന് എഡിജിപിയെ നിയോഗിച്ചത്.

ഐജിയുടെ വാഹനം ഓടിച്ച മകനു പ്രായപൂര്‍ത്തിയായിട്ടുണ്ടോയെന്നു മുതലുള്ള കാര്യങ്ങള്‍ അന്വേഷിക്കും. പൊതുനിരത്തിലല്ല വാഹനം ഓടിച്ചിരിക്കുന്നത്. അക്കാദമിയില്‍ പോലീസുകാര്‍ക്കു വാഹനം ഓടിക്കാന്‍ പരിശീലനം നല്‍കാറുള്ള പ്രദേശത്ത് പോലീസ് ഡ്രൈവറുടെ മേല്‍നോട്ടത്തില്‍ പരിശീലനം നേടുന്നതാണെന്ന തരത്തിലുള്ള വ്യാഖ്യാനമാണ് പോലീസ് മേധാവികളില്‍നിന്ന് ഉയരുന്നത്.

എന്നാല്‍ ഐജി സുരേഷ്‌രാജ് പുരോഹിതിനെതിരേ പോലീസ് അക്കാദമിയിലെ താഴെതലം മുതല്‍ തലപ്പത്തുള്ളവര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ രംഗത്തുണ്ട്. അക്കാദമിയില്‍ നടക്കുന്ന പൊതുപരിപാടികള്‍ സ്വന്തം അടുക്കളക്കാര്യമെന്നതു പോലെയാക്കി മാറ്റിയിരിക്കുകയാണ്. തന്‍പ്രമാണിത്തവും രാജകീയ ഭരണവും പുറത്തറിയാതിരിക്കാന്‍ മാധ്യമങ്ങളെ അകറ്റി നിര്‍ത്തിയിരിക്കുകയാണ്. അഭ്യന്തരമന്ത്രി പങ്കെടുക്കുന്ന പാസിംഗ് ഔട്ട് പരേഡുകളില്‍പോലും മാധ്യമപ്രവര്‍ത്തകര്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കിലും തിരുത്തിക്കാന്‍ അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കു കഴിഞ്ഞിട്ടില്ലെന്നും ആക്ഷേപങ്ങളുണ്ട്.

Share this news

Leave a Reply

%d bloggers like this: