വിഎസ് മത്സരിക്കും; പൊളിറ്റ് ബ്യൂറോ തീരുമാനം സെക്രട്ടറിയേറ്റ് അംഗീകരിച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദനും പിണറായി വിജയനും മത്സരിക്കും. ഇരുവരും മത്സരിക്കണമെന്ന പോളിറ്റ് ബ്യൂറോ തീരുമാനം സെക്രട്ടറിയേറ്റ് അംഗീകരിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പിബി തീരുമാനം റിപ്പോര്‍ട്ട് ചെയ്തത്. മലമ്പുഴയില്‍ തന്നെ വി.എസ് മത്സരിക്കുമെന്നാണ് സൂചനകള്‍.

മലമ്പുഴയില്‍നിന്നുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍നിന്നും വി.എസിന്റെ പേര് ഒഴിവാക്കിയിരുന്നു. പാലക്കാട് ജില്ലാ ഘടകം സമര്‍പ്പിച്ചിരിക്കുന്ന പട്ടികയില്‍ സിഐടിയു നേതാവ് എ.പ്രഭാകരന്‍ മാത്രമാണ് മലമ്പുഴയിലെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയത്. മലമ്പുഴയിലെ സ്ഥാനാര്‍ഥിയെ സംസ്ഥാന നേതൃത്വത്തിനു തീരുമാനിക്കാമെന്ന നിര്‍ദേശത്തോടെയാണ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. വി.എസിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെ പ്രഭാകരനു പകരം പ്രതിപക്ഷ നേതാവ് മലമ്പുഴയില്‍ ജനവിധി തേടുമെന്നാണ് കരുതുന്നത്.

സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ധര്‍മടം മണ്ഡലത്തിലാവും പിണറായി ജനവിധി തേടുക. കണ്ണൂരില്‍ മറ്റ് ചില മണ്ഡലങ്ങളിലേക്കും പിണറായിയുടെ പേര് ഉയര്‍ന്നു കേട്ടിരുന്നെങ്കിലും ധര്‍മടത്തു തന്നെ മത്സരിക്കട്ടെ എന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കുകയായിരുന്നു.

പിണറായി ഉള്‍പ്പടെ ആറ് സെക്രട്ടറിയേറ്റ് അംഗങ്ങള്‍ മത്സര രംഗത്തുണ്ടാകും. ഇ.പി.ജയരാജന്‍, എ.കെ.ബാലന്‍, തോമസ് ഐസക്, ടി.പി.രാമകൃഷ്ണന്‍, എം.എം.മണി എന്നിവരാണ് ജനവിധി തേടുന്ന സെക്രട്ടറിയേറ്റ് അംഗങ്ങള്‍. ബേപ്പൂര്‍ എംഎല്‍എ എളമരം കരീം ഇത്തവണ മത്സര രംഗത്തുണ്ടാവില്ല.

-എജെ-

Share this news

Leave a Reply

%d bloggers like this: