ദുരഭിമാനക്കൊല; തമിഴ്‌നാട്ടില്‍ ഉന്നതജാതിക്കാരിയെ വിവാഹം ചെയ്ത ദലിത് യുവാവിനെ വെട്ടിക്കൊന്നു

തിരുപ്പൂര്‍: തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നു. വെട്ടേറ്റ യുവതിയെ അതീവഗുരുതരാവസ്ഥയില്‍ ഉദുമലപേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ വി.ശങ്കര്‍ ആണ് മരിച്ചത്. എട്ട് മാസം മുന്‍പാണ് ശങ്കറും കൗലസ്യയും വിവാഹിതരായത്. കുടുംബാംഗങ്ങളുടെ എതിര്‍പ്പ് അവഗണിച്ചാണ് ഇരുവരും വിവാഹിതരായത്. ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം ഇരുവരേയും വെട്ടുന്ന ദൃശ്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പിതാവ് കോടതിയില്‍ കീഴങ്ങിയതായി പൊലീസ് പറഞ്ഞു.

പൊള്ളാച്ചി എന്‍ജിനീയറിങ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു കൊല്ലപ്പെട്ട ശങ്കര്‍. രാഷ്ട്രീയ സ്വാധീനമുള്ള തേവര്‍ കുടുംബാംഗമായ കൗസല്യയുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തിരുന്നതായി പൊലീസ് പറഞ്ഞു. വിവാഹശേഷം കുമരലിംഗത്തുള്ള ശങ്കറിന്റെ വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. യുവതിയുടെ കുടുംബാംഗങ്ങള്‍ ഇരുവരേയും സ്വീകരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും എന്നാല്‍ ഇരുവരുടേയും വിവാഹം ദുരന്തമായി മാറി എന്നും ശങ്കറിന്റെ പിതാവ് വേലു സ്വാമി പറഞ്ഞു. യുവതിയുടെ വീട്ടുകാര്‍ ഇരുവരേയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു എന്നും ഇതിന് മുന്‍പും വധശ്രമം ഉണ്ടായിരുന്നു എന്നും ശങ്കറിന്റെ സഹോദരന്‍ പറഞ്ഞു.

ഉദുമലപേട്ട മാര്‍ക്കറ്റിലേക്ക് പോകാന്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന ദമ്പതികളെ ബൈക്കിലെത്തിയ മൂന്നംഗ സംഘം പുറകില്‍ നിന്ന് വെട്ടുകയായിരുന്നു. യുവാവ് തല്‍ക്ഷണം മരിച്ചു. യുവതിക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അക്രമത്തിനു ശേഷം പഴനി ഭാഗത്തേക്ക് സംഘം രക്ഷപ്പെട്ടു. അക്രമികളെ പിടികൂടാന്‍ തിരുപ്പൂര്‍ പൊലീസ് അഞ്ചംഗ സംഘത്തെ രൂപീകരിച്ചു. അന്വേഷണം ആരംഭിച്ചെന്നും കുറ്റവാളികളെ പിടികൂടിയ ശേഷം മാത്രമേ കൊലയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം മനസിലാവുകയുള്ളൂ എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് തമിഴ്‌നാട്ടില്‍ സമാനമായ രീതിയില്‍ കൊല നടക്കുന്നത്. 2013 ജൂലെയില്‍ ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം ചെയ്തതിന് ധര്‍മ്മപുരിയില്‍ ദലിത് യുവാവിനെ കൊന്ന് റെയില്‍ വെ ട്രാക്കില്‍ ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നാമക്കല്‍ ജില്ലയിലും ഇതേ രീതിയില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു.

https://youtu.be/9UlyeHH3TPw

-എജെ-

Share this news

Leave a Reply

%d bloggers like this: