സര്‍ക്കാരിനെതിരെ വിഎം സുധീരന്‍,കൊള്ളയ്ക്ക് കൂട്ടുനില്‍ക്കാന്‍ തനിക്കാവില്ല

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. കെപിസിസി ഭാരവാഹി യോഗത്തിലാണ് സുധീരന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. ന്യായമായ കാര്യത്തില്‍ പാര്‍ട്ടി സര്‍ക്കാരിനൊപ്പം നില്‍ക്കും. ഒരു കൊള്ളയ്ക്കും കൂട്ടുനില്‍ക്കാന്‍ തനിക്കാവില്ലെന്നും സുധീരന്‍ യോഗത്തില്‍ പറഞ്ഞു. കരുണ എസ്റ്റേറ്റ് വിഷയത്തിലായിരുന്നു സുധീരന്റെ പ്രതികരണം. കരുണ എസ്റ്റേറ്റ് പ്രശ്‌നത്തില്‍ എജിയുടെ നിയമോപദേശം തേടേണ്ടതില്ലെന്നും സുധീരന്‍ യോഗത്തില്‍ പറഞ്ഞു. കരുണ എസ്റ്റേറ്റ് വിഷയത്തിലെ സര്‍ക്കാരിന്റെ ഉത്തരവ് പിന്‍വലിച്ചേ മതിയാകൂ. അടൂര്‍പ്രകാശിന്റെ ഭൂമിയില്‍ തനിക്ക് കരമടയ്ക്കാനാകുമോയെന്നും സുധീരന്‍ പരിഹസിച്ചു. വിവാദ ഉത്തരവുകളെല്ലാം പിന്‍വലിച്ചേ മതിയാകൂവെന്നും സുധീരന്‍ സര്‍ക്കാരിന് അന്ത്യശാസനം നല്‍കി. ജനരക്ഷായാത്രയാണ് സര്‍ക്കാരിനെ അല്‍പ്പമെങ്കിലും രക്ഷിച്ചതെന്നും സുധീരന്‍ തുറന്നടിച്ചു.

കരുണ എസ്റ്റേറ്റില്‍ നിന്ന് കരം പിരിക്കാനുള്ള വിവാദ ഉത്തരവിനെതിരെ കെപിസിസി ഭാരവാഹി യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ എതിരാളികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ആയുധമാണ് ഇതെന്ന് നേതാക്കള്‍ പറഞ്ഞു. ഉത്തരവ് പിന്‍വലിക്കണമെന്ന് വിഡി സതീശനും, ടിഎന്‍ പ്രതാപനും, രാജ് മോഹന്‍ ഉണ്ണിത്താനും ആവശ്യപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പ് കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. തിരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് അനിവാര്യമാണെന്ന് എഐസിസി പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണി പറഞ്ഞു. ഇരുമുന്നണികള്‍ക്കും തുല്യ സാധ്യതയാണെന്നും ആന്റണി പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ജയസാധ്യത ആയിരിക്കണം മാനദണ്ഡം. ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും വിഎം സുധീരനുമായിരിക്കും തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തമെന്നും എകെ ആന്റണി കോണ്‍ഗ്രസ് നേതാക്കളെ ഓര്‍മ്മിപ്പിച്ചു.

Share this news

Leave a Reply

%d bloggers like this: