ഇന്ന് ഓശാന ഞായര്‍

നാല്‍പ്പതാം വെള്ളിയും കടന്നു ക്രൈസ്തവ ലോകം വിശുദ്ധ വാരത്തിലേക്ക്. അമ്പതു നോമ്പിന്റെ ഏറ്റവും വിശിഷ്ടമായ ദിവസങ്ങള്‍ക്കും തുടക്കമാകും. വിശുദ്ധ വാരാചരണത്തിനു തുടക്കം കുറിച്ചു ഇന്ന് ഓശാന ഞായര്‍ ആചരിക്കും. കുരിശു മരണത്തിനു മുന്നോടിയായി ക്രിസ്തു കഴുതപ്പുറത്തേറി ജറുസലേമിലേക്കു പ്രവേശിച്ചതിന്റെ ഓര്‍മ പുതുക്കിയാണു ഓശാന ഞായര്‍ ആചരണം. ഓശാന ഞായര്‍ ആചരണത്തിന്റെ ഭാഗമായി രാവിലെ പള്ളികളില്‍ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കര്‍മങ്ങളും നടക്കും. യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ പുതുക്കുന്ന പെസഹാ വ്യാഴവും ഈയാഴ്ചയാണ്.

വിനയത്തിന്റെ മാതൃക നല്‍കി യേശു ശിഷ്യരുടെ പാദങ്ങള്‍ കഴുകിയതിന്റെ ഓര്‍മയില്‍ പെസഹാ വ്യാഴാഴ്ച ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും ഭവനങ്ങളില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷയും നടക്കും. ദുഖവെള്ളിയാഴ്ച പള്ളികളില്‍ പ്രത്യേക പീഢാനുഭവ തിരുക്കര്‍മങ്ങളും പരിഹാര പ്രദക്ഷിണവുമുണ്ടാകും. ശനിയാഴ്ച പുത്തന്‍ തീയും വെള്ളവും വെഞ്ചരിപ്പു നടക്കും.ഇനിയുള്ള ദിനങ്ങള്‍ വിശ്വാസികള്‍ക്കു പ്രാര്‍ത്ഥനയുടെയും കഠിന ഉപവാസത്തിന്റെയും നാളുകളാണ്. വിശ്വാസികള്‍ വലിയ പ്രാധാന്യം കല്‍പ്പിക്കുന്ന നാല്‍പ്പതാം വെള്ളിയാഴ്ചയായ ഇന്നലെ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനയും കുരിശിന്റെ വഴി അടക്കമുള്ളവയും നടന്നു.

വാഗമണ്‍ കുരിശുമല, അരുവിത്തുറ വല്യച്ചന്‍ മല, അറുനൂറ്റിമംഗലം കുരിശുമല എന്നിവിടങ്ങളില്‍ നടന്ന കുരിശിന്റെ വഴിയില്‍ നൂറുകണക്കിനുപേര്‍ പങ്കെടുത്തു.

Share this news

Leave a Reply

%d bloggers like this: