സന്തോഷ് മാധവന് മിച്ചഭൂമി നല്‍കിയ സംഭവത്തില്‍ വിഎം സുധീരനവും ടിഎന്‍ പ്രതാപനും രംഗത്ത്

തിരുവനന്തപുരം: മിച്ചഭൂമി സന്തോഷ് മാധവന് വിട്ട് നല്‍കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ റവന്യൂ വകുപ്പിന് കത്തയച്ചു. ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും രംഗത്തെത്തിയിരുന്നു. തന്റെ മകന് എതിരെ ജയിലില്‍ കിടന്ന് വ്യാജ ആരോപണം ഉന്നയിച്ചതിനുള്ള പ്രത്യുപകാരമായാണ് ഭൂദാനം നടത്തിയത്. പീഡന കേസിലെ പ്രതിക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയത്, സംസ്ഥാനത്തെ സ്ത്രീകളോടുള്ള വെല്ലുവിളി ആണെന്ന് വി എസ് ആരോപിച്ചിരുന്നു.

വിഷയത്തില്‍ കോണ്‍ഗ്രസിന് ഉള്ളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. വിജിലന്‍സ് അന്വേഷണം വേണമെന്ന് ടിഎന്‍ പ്രതാപന്‍ എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. ഭൂമി തിരിച്ചു നല്‍കാനുള്ള നടപടിയില്‍ ദുരൂഹതയുണ്ടെന്നും ഈ തീരുമാനം റദ്ദാക്കണമെന്നും പ്രതാപന്‍ പറഞ്ഞു.

സന്തോഷ് മാധവന് ഭൂമി തിരിച്ചു നല്‍കിയതിനു പിന്നില്‍ വന്‍ അഴിമതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തീരുമാനത്തിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് താല്‍പര്യമാണ് ഉള്ളതെന്നും ആരോപിച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയുടെ പരമ്പര തന്നെ സൃഷ്ടിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട പ്രതാപന്‍ മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റ് വിഎം സുധീരനും കത്ത് നല്‍കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: