കതിരുര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് ഉപാധികളോടെ ജാമ്യം

തലശ്ശേരി: കതിരുര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് ഉപാധികളോടെ ജാമ്യം. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. ജയരാജന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. മൂന്ന് ഉപാധികളാണ് ജാമ്യം നല്‍കാന്‍ കോടതി മുന്നോട്ടുവച്ചത്. രണ്ടുമാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ല, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്. സാക്ഷികളെ ഭീഷണിപ്പെടുത്തിയതായി പരാതിയുയര്‍ന്നാല്‍ ജാമ്യം റദ്ദാക്കും, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എന്നീ സുപ്രധാന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.ഇതിനെതിരെ സി.ബി.ഐ മേല്‍ക്കോടയിയെ സമീപിച്ചേക്കും.

കോടതി ചേര്‍ന്നയുടന്‍ തന്നെ ജയരാജന്റെ കേസ് പരിഗണിക്കുകയായിരുന്നു. ജാമ്യം അനുവദിക്കുന്നുവെന്ന ഒറ്റവാക്കിലുള്ള ഉത്തരവാണ് ജഡ്ജി വായിച്ചത്. വിധി വരുമ്പോള്‍ ജയരാജന്‍ ആയുര്‍വേദ ചികിത്സയ്ക്കായി ജില്ലാ ആയുര്‍വേദ ആശുപത്രിയിലാണ്. കൈമുട്ടിനും കാല്‍മുട്ടിനും വേദനയും നീരും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഒരാഴ്ച മുന്‍പ് ആയുര്‍വേദ ചികിത്സ തേടിയത്. റിമാന്‍ഡ് തടവുകാരനായതിനാല്‍ പോലീസിന്റെ കര്‍ശന സുരക്ഷയിലാണ് ചികിത്സ നടക്കുന്നത്. കണ്ണൂര്‍ ജില്ല വിടേണ്ട സാഹചര്യം വന്ന സ്ഥിതിക്ക് ജയരാജന് ഉടന്‍ ജില്ലയ്ക്കു പുറത്തേക്ക് പോകേണ്ടിവരും.

ജയരാജന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന ആക്ഷേപമാണ് സി.ബി.ഐ തുടക്കം മുതല്‍ ഉയര്‍ത്തിയിരുന്നത്. തെരഞ്ഞെടുപ്പ് വേളയില്‍ സി.പി.എമ്മിന് ഏറെ ആവശ്യം നല്‍കുന്നതാണ് കോടതിയുടെ നടപടിയെങ്കിലും കണ്ണൂരില്‍ ജയരാജനെ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പരിഗണിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം ജില്ല വിട്ടുനില്‍ക്കുന്നത് പാര്‍ട്ടിക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നും വ്യക്തമാണ്. സി.ബി.ഐയ്ക്ക് കനത്ത തിരിച്ചടി നല്‍കുന്നതുമാണ് ഈ വിധി.

Share this news

Leave a Reply

%d bloggers like this: