അഫ്‌സ്പ പിന്‍വലിച്ചാല്‍ 16 വര്‍ഷമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കാമെന്ന് ഇറോം ശര്‍മിള

ന്യൂഡല്‍ഹി: ആത്മഹത്യക്ക് ശ്രമിച്ചുവെന്ന കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയെ ഡല്‍ഹി കോടതി വെറുതെവിട്ടു. 2006ല്‍ ജന്തര്‍ മന്ദിറിന് മുന്നില്‍ മരണം വരെ നിരാഹാര സമരം നടത്തിയ കേസിലാണ് കോടതിവിധി. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന വിവാദമായ ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവര്‍ ആക്ട് (അഫ്‌സ്പ) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇറോം ശര്‍മിള 16 വര്‍ഷങ്ങളായി നിരാഹാര സമരത്തിലാണ്.

കേസില്‍ മാപ്പപേക്ഷിക്കാന്‍ ഇറോം ശര്‍മിള തയാറായിരുന്നില്ല. ഭക്ഷണമുപേക്ഷിച്ച് ശര്‍മിള സ്വയം ജീവനൊടുക്കാന്‍ തീരുമാനമെടുത്തുവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ ജീവിതത്തെ താന്‍ വളരെയധികം സ്‌നേഹിക്കുന്നുണ്ടെന്നും അഫ്‌സപക്കെതിരെയും ഈ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെയുമാണ് തന്റെ പോരാട്ടമെന്നും ഇറോം ശര്‍മിള വ്യക്തമാക്കി.

ആത്മഹത്യാശ്രമത്തിന്റെ പേരില്‍ പല തവണ ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വീണ്ടും തനിക്കെതിരെ ഒരേ ആരോപണം ഉന്നയിച്ച് അറസ്റ്റ് ചെയ്യുന്നതിലും കേസെടുക്കുന്നതിലും അവര്‍ അസന്തുഷ്ടി പ്രകടിപ്പിച്ചു. കരിനിയമം പിന്‍വലിച്ചാല്‍ താന്‍ നിരാഹാരം പിന്‍വലിക്കാന്‍ തയാറാണെന്നും ഇറോം ശര്‍മിള അറിയിച്ചു
-എജെ-

Share this news

Leave a Reply

%d bloggers like this: