പനാമ പേപ്പഴ്‌സ്: കള്ളപ്പണം നിക്ഷേപിച്ചവരില്‍ മലയാളിയും

ന്യൂഡല്‍ഹി : പനാമയിലെ മൊസാക് ഫൊന്‍സെക എന്ന ഏജന്‍സിയെ ഉപയോഗിച്ച് വിവിധ രാജ്യങ്ങളില്‍ കള്ളപ്പണം നിഷേപിച്ചവരുടെ കൂട്ടത്തില്‍ മലയാളിയും. സിംഗപ്പൂരിലുള്ള തിരുവനന്തപുരം സ്വദേശി ജോര്‍ജ് മാത്യുവിന്റെ പേരാണ് പട്ടികയിലുള്ളത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ജോര്‍ജ് മാത്യു 12 വര്‍ഷമായി സിംഗപ്പൂരിലാണ് താമസം. ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപുകളില്‍ നാലോളം വ്യാജ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്താണ് ഇയാള്‍ പണം നിക്ഷേപിച്ചിട്ടുള്ളത്. മൊസാക് ഫൊന്‍സെകയിലെ രേഖകളില്‍ ജോര്‍ജ് മാത്യുവിന്റെ സിംഗപ്പൂരിലെയും കേരളത്തിലെയും വിലാസങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.

എന്നാല്‍, 12 വര്‍ഷം വിദേശത്ത് താമസിക്കുന്ന തനിക്ക് ഇന്ത്യയിലെ റിസര്‍വ് ബാങ്കിന്റെ നിയമങ്ങളോ ആദായ നികുതി വകുപ്പിന്റെ നിയമങ്ങളോ തനിക്ക് ബാധകമല്ലെന്നാണ് ജോര്‍ജ് മാത്യുവിന്റെ വിശദീകരണം. പുതിയ കമ്പനികള്‍ രൂപീകരിക്കാന്‍ സഹായം നല്‍കുന്ന സ്ഥാപനം ജോര്‍ജ് സിംഗപ്പൂരില്‍ നടത്തുന്നുണ്ട്. ഈ സ്ഥാപനത്തിന്റെ ഇടപാടുകാരില്‍ ഉള്‍പ്പെട്ടവയാണ് ബ്രിട്ടിഷ് വെര്‍ജിന്‍ ഐലന്‍ഡുകളിലെ സ്ഥാപനങ്ങളെന്നും ജോര്‍ജ് ന്യായീകരിക്കുന്നു.

പനാമ പേപ്പറുകള്‍ പുറത്തു വന്നതോടെ സമ്പന്നരുടെ പ്രവര്‍ത്തനങ്ങളെയും സ്വത്തുക്കളെയും സംബന്ധിച്ച് വിവിധ രാജ്യങ്ങള്‍ അന്വേഷമാരംഭിച്ചു. ഇന്ത്യക്കാരുടെ നിക്ഷേപം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ആര്‍.ബി.ഐ. ഗവര്‍ണര്‍ രഘുറാം രാജന്‍ വ്യക്തമാക്കി. വിദേശത്ത് നിക്ഷേപിക്കുന്നതിന് വ്യക്തമായ കാരണങ്ങളുണ്ടാവുമെന്നും അതും പരിഗക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായിക്കുന്ന മൊസാക് ഫൊന്‍സെക എന്ന കമ്പനിയുടെ കേന്ദ്ര ഓഫീസില്‍ നിന്നുള്ള രേഖകള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കളളപ്പണം സ്വീകരിച്ച് നികുതി ഇളവുകളുളള രാജ്യങ്ങളിലെ കമ്പനികളിലും ട്രസ്റ്റുകളിലും നിക്ഷേപിച്ച് നിക്ഷേപകര്‍ക്ക് ആനുകൂല്യങ്ങള്‍ നേടി കൊടുക്കുന്നതാണ് മൊസാക് ഫൊന്‍സെകയുടെ രീതി. കോര്‍പറേറ്റ് ഇടനിലക്കാരി നീര റാഡിയ, വ്യവസായികളായ സതീഷ് കെ മോദി, മൗദുരി ശ്രീനിവാസ് പ്രസാദ്, ഭാവനാസി ജയകുമാര്‍, ഭാസ്‌കര്‍ റാവു, പ്രീതം ബോത്‌റ, ശ്വേത ഗുപ്ത, ആശോക് മല്‍ഹോത്ര തുടങ്ങിയ വ്യവസായികളുടെ കള്ളപ്പണ നിക്ഷേപത്തിന്റെ വിവരങ്ങളാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്.

ആദ്യം പുറത്തുവന്ന പട്ടികയില്‍ ഇന്ത്യയില്‍നിന്ന് നടന്‍ അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, ഡിഎല്‍എഫ് കമ്പനി ഉടമ കെ.പി. സിംഗ്, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, അപ്പോളോ ടയേഴ്‌സ് പ്രമോട്ടര്‍ സമീര്‍ ഗെഹ്ലോട്ട് എന്നിവരടക്കം 500 പേരുകളുണ്ടായിരുന്നു. എന്നാല്‍ തനിക്കൊരിടത്തും കള്ളപ്പണ നിക്ഷേപമില്ലെന്നും ഓഹരിപങ്കാളിത്തമുണ്ടെന്ന് പറയപ്പെടുന്ന കമ്പനികളെക്കുറിച്ച് അറിയില്ലെന്നും ബച്ചന്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദേശത്ത് ഒരു കമ്പനിയുടെയും ഡയറക്ടര്‍ പദവി വഹിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: