ലിബിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ മലയാളിയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല; ബന്ധുക്കള്‍ ആശങ്കയില്‍

 

കോഴിക്കോട്: ലിബിയയില്‍ കാണാതായ മലയാളി ഐ.ടി ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയത് സര്‍ക്കാര്‍ വിരുദ്ധ സംഘടനയായ മിലിഷ്യയെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഇത് സംബന്ധിച്ച് പ്രാഥമിക വിവരം ലഭിച്ചതായാണ് സൂചന. മാര്‍ച്ച് 31നാണ് കോഴിക്കോട് പേരാമ്പ്രയില്‍ ചെമ്പ്ര കേളോത്ത് വയല്‍ നെല്ലിവേലില്‍ ജോസഫിന്റെ മകന്‍ റെജി ജോസഫിനെ ലിബിയയില്‍ നിന്ന് കാണാതായത്. റെജിക്കൊപ്പം ലിബിയന്‍ സ്വദേശികളായ മൂന്ന് സഹപ്രവര്‍ത്തകരെയും തട്ടിക്കൊണ്ടുപോയിട്ടുണ്ട്.

റെജി ജോസഫും കൂട്ടുകാരും സുരക്ഷിതരാണെന്നാണ് വിദേശ കാര്യ മന്ത്രാലയത്തിന് കിട്ടിയിരിക്കുന്ന വിവരം. അതേസമയം റെജിയെ തട്ടിക്കൊണ്ടുപോയത് അറിഞ്ഞതുമുതല്‍ ഏറെ ആശങ്കയിലാണ് ബന്ധുക്കളും നാട്ടുകാരും. മുഖ്യമന്ത്രി, വിദേശകാര്യമന്ത്രാലയം, എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ. രാഘവന്‍ എന്നിവര്‍ മുഖേന ലിബിയയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് റെജിയുടെ മോചനത്തിനായുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.

ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലാണ് റെജിയും ഭാര്യ ഷിനുജയും മൂന്ന് മക്കളും താമസിക്കുന്നത്. സിവിലിയന്‍ രജിസ്‌ട്രേഷന്‍ അഥോറിറ്റി പ്രൊജക്ടില്‍ രണ്ടുവര്‍ഷമായി ജോലിചെയ്യുകയാണ് റെജി. ലിബിയയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ് ഷിനുജ. ജോലിസ്ഥലത്തുനിന്ന് റെജിയെയും മറ്റ് മൂന്ന് പേരെയും തട്ടിക്കൊണ്ടുപോയതായി സ്ഥാപനമേലധികാരിയാണ് ഷിനുജയെ അറിയിച്ചത്.

2007ലാണ് റെജി ആദ്യമായി ലിബിയയിലെത്തുന്നത്. എന്നാല്‍ ആഭ്യന്തരപ്രശ്‌നങ്ങളെ തുടര്‍ന്ന് 2010ല്‍ നാട്ടിലേക്ക് തിരിച്ചുപോന്നു. പിന്നീട് 2014ല്‍ വീണ്ടും ലിബിയയിലെത്തി. റജി ജോലിചെയ്തിരുന്ന പ്രോജക്ടിന്റെ വെബ്‌സൈറ്റ് മാര്‍ച്ച് പകുതിയോടെ ഹാക്കര്‍മാര്‍ തകര്‍ത്തിരുന്നു. അതിനുശേഷം ഇദ്ദേഹം ജോലിക്ക് പോയിരുന്നില്ല. സൈറ്റ് ശരിയാക്കിയതായും തിരികെ ജോലിക്കെത്താമെന്നും സ്ഥാപനം അറിയച്ചതിനെ തുടര്‍ന്ന് 31നാണ് റെജി ജോലിക്ക് പോയത്.

-എജെ-

Share this news

Leave a Reply

%d bloggers like this: