അഭയാര്‍ഥി ദുരന്തം വീണ്ടും: മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ടുകള്‍ മുങ്ങി 400 പേര്‍ മരിച്ചു

അഭയാര്‍ഥി ദുരന്തം വീണ്ടും: മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ടുകള്‍ മുങ്ങി 400 പേര്‍ മരിച്ചു

റോം: മെഡിറ്ററേനിയന്‍ കടലില്‍ ബോട്ടുകള്‍ മുങ്ങി നാനൂറോളം അഭയാര്‍ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച നാല് അഭയാര്‍ത്ഥി ബോട്ടുകള്‍ തകര്‍ന്നാണ് അപകടമുണ്ടായതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സൊമാലിയ, എത്യോപ്യ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിച്ചവരാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. കള്ളക്കടത്തുകാര്‍ സ്ഥിരമായി ഉപയോഗിക്കുന്ന പാതയിലൂടെയാണ് അഭയാര്‍ഥികള്‍ യാത്ര ചെയ്തിരുന്നത്. വ്യാഴാഴ്ചയാണ് ഇവര്‍ ഇറ്റലി ലക്ഷ്യമാക്കി യാത്ര ആരംഭിച്ചത്.

അപകടത്തെ അഭയാര്‍ഥി ദുരന്തമെന്ന് ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്റരെല്ല വിശേഷിപ്പിച്ചു. അപകടത്തില്‍ നിരവധി പേര്‍ മരിച്ചതായി മറ്റാരെല്ല സ്ഥിരീകരിച്ചു. എന്നാല്‍ എത്ര പേരാണ് അപകടത്തില്‍പ്പെട്ടത് എന്നതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. 29 പേരെ മാത്രമാണ് രക്ഷപ്പെടുത്താന്‍ സാധിച്ചത് എന്നാണ് ആദ്യ റിപ്പോര്‍ട്ട്. അപകടത്തിപ്പെട്ട ആറു പേരുടെ മൃതദേഹം കണ്ടെടുത്തതായും രക്ഷപ്പെടുത്തിയവരെ ഗ്രീസിലേക്കു കൊണ്ടുപോയതായും റിപ്പോര്‍ട്ടുകളുണ്ട്. അപകടത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. അതേസമയം, ലിബിയന്‍ തീരത്ത് മുങ്ങിയ ബോട്ടില്‍നിന്ന് 108 അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയതായി ഇറ്റാലിയന്‍ കോസ്റ്റ്ഗാര്‍ഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ലിബിയ തീരത്ത് നൂറുകണക്കിനാളുകള്‍ മുങ്ങിമരിച്ചിരുന്നു. ഈ വര്‍ഷം 177,000 ത്തിലധികം അഭയാര്‍ഥികളാണ് കടല്‍ മാര്‍ഗം യൂറോപ്പിലെത്തിയത്. ഇതില്‍ 723 പേര്‍ കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ടെന്ന് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു

Share this news

Leave a Reply

%d bloggers like this: