മലക്കം മറിഞ്ഞ് കേന്ദ്രം; കോഹിനൂര്‍ രത്‌നം ഇന്ത്യയില്‍ തിരികെ എത്തിക്കും

ന്യൂഡല്‍ഹി: കോഹിനൂര്‍ രത്‌ന വിഷയത്തില്‍ മലക്കം മറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍. രത്‌നം തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തും. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങളെ മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുകയായിരുന്നെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

കോഹിനൂര്‍ രത്‌നം ബ്രിട്ടന്‍ ഇന്ത്യയില്‍ നിന്നു മോഷ്ടിച്ചതോ പിടിച്ചെടുത്തതോ അല്ലെന്നും അതുകൊണ്ടുതന്നെ അതു തിരികെ വേണമെന്ന് അവകാശപ്പെടാന്‍ കഴിയില്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞത്. കോഹിനൂര്‍ രത്‌നം ഉള്‍പ്പെടെ ബ്രിട്ടന്റെ കൈവശമുള്ള അമൂല്യ പുരാവസ്തുക്കള്‍ തിരിച്ചെടുക്കാന്‍ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് ഫ്രണ്ട് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

കോഹിനൂര്‍ രത്‌നം ഇപ്പോള്‍ എലിസബത്ത് രാജ്ഞിയുടെ കിരീടത്തിന്റെ ഭാഗമാണ്. 1849 ലാണ് മഹാരാജ രഞ്ജിത് സിംഗില്‍ നിന്ന് ഈസ്റ്റ് ഇന്ത്യ കമ്പനി രത്‌നം സ്വന്തമാക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഒട്ടുമിക്ക രത്‌നങ്ങളുടെയും വില നിശ്ചയിച്ചു കഴിഞ്ഞെങ്കിലും കോഹിനൂറിന്റെ യഥാര്‍ഥ മൂല്യം കണക്കാക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല.
-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: