പാസ്റ്ററേയും ഗര്‍ഭിണിയായ ഭാര്യയേയുംമര്‍ദ്ദിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിച്ചു; പെട്രോള്‍ ഒഴിച്ച് കത്തിക്കാനും ശ്രമം

പാസ്റ്ററേയും ഗര്‍ഭിണിയായ ഭാര്യയേയുംമര്‍ദ്ദിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിച്ചു; പെട്രോള്‍ ഒഴിച്ച് കത്തിക്കാനും ശ്രമം
റാഞ്ചി: മതംമാറ്റത്തിന് ശ്രമിക്കുന്നെന്ന് ആരോപിച്ച് ഛത്തീസ്ഗഡില്‍ പെന്തക്കോസ്തു പാസ്റ്ററേയും ഗര്‍ഭിണിയായ ഭാര്യയേയും മര്‍ദ്ദിച്ച ശേഷം പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചു. ഞായറാഴ്ച ബസ്തര്‍ മേഖലയില്‍ നടന്ന സംഭവത്തില്‍ അജ്ഞാതസംഘം ഇവരുടെ പള്ളിയും തകര്‍ത്തിട്ടുണ്ട്. കേസില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
ഛത്തീസ്ഗഡിലെ തോകാപാലില്‍ ക്രിസ്തീയവേല ചെയ്യുന്ന പാസ്റ്റര്‍ ദീനനാഥും ഭാര്യയുമാണ് ആക്രമിക്കപ്പെട്ടത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന കുട്ടികള്‍ക്കും മര്‍ദ്ദനമേറ്റു. തലയിലൂടെ പെട്രോള്‍ ഒഴിച്ചെങ്കിലും കത്തിക്കാതെ അക്രമികള്‍ ഓടിരക്ഷപ്പെടുക ആയിരുന്നു. മാരകായുധങ്ങളുമായി എത്തിയ സംഘം പാസ്്റ്ററെയും ഭാര്യയെയും കൊണ്ട് ‘ജയ് ശ്രീറാം’ എന്ന് വിളിപ്പിക്കുകയും സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. പാസ്റ്റര്‍ ദിനനാഥും ഭാര്യയും ഇവിടെ ഞായറാഴ്ചകള്‍ കേന്ദ്രീകരിച്ച് ആരാധന നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഒരു കൂട്ടം രംഗത്ത് വരികയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് അജ്ഞാതസംഘത്തിനെതിരേ പോലീസ് കേസ് എടുത്തിട്ടുണ്ട്.
മാര്‍ച്ചില്‍ റായ്പൂരിലും സമാന സംഭവം അരങ്ങേറിയിരുന്നു. പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുക്കാനെത്തിയ വിശ്വാസികളെ മര്‍ദ്ദിക്കുകയും ബൈബിളുകള്‍ വലിച്ചു കീറുകയും ചെയ്ത സംഭവത്തില്‍ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2015-16 കാലത്തിനിടയില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരേ സംസ്ഥാനത്ത് 93 ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഹിന്ദുക്കള്‍ക്ക് 2014 മുതല്‍ ബസ്തറില്‍ വിശ്വഹിന്ദു പരിക്ഷത്ത് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: