സൂപ്പര്‍ ബഗുകള്‍ക്ക് ഒരു മലയാളി ഭീഷണി … ശാസ്ത്രലോകം ഐറിഷ് മലയാളിയുടെ കണ്ടെത്തലിനെ ഉറ്റ് നോക്കുന്നു

സൂപ്പര്‍ ബഗുകള്‍ വലിയ പ്രശ്നക്കാരാണ്….അണുബാധയ്ക്ക് കാരണമാകുകയും രോഗം സങ്കീര്‍ണമാകുന്നതിനുമെല്ലാം കാരണമായേക്കും. പലപ്പോഴും മരുന്നുകളോട് പ്രതിരോധ ശേഷി ആര്‍ജിക്കുന്നത് മൂലം ഇവയുടെ നിയന്ത്രണംഭാവിയില്‍ വലിയ വെല്ലുവിളിയാകുമെന്നാണ് കരുതപ്പെടുന്നത്. ആശുപത്രികള്‍ മുതല്‍ നിത്യോപയോഗ സാധനങ്ങള്‍ വരെ സൂപ്പര്‍ ബഗുകളുടെ ആവാസ കേന്ദ്രമാവാം.  ഇവയെ തുടച്ച് നീക്കുകയെന്നത് പ്രയാസകരം തന്നെയാണ്.

എന്നാലതിനും ഒരു ഉത്തരമാവുമെന്ന പ്രതീക്ഷയാണ് വളരുന്നത്. പ്രതിരോധ മരുന്നുകളെ അതിജീവിക്കുന്ന സൂപ്പര്‍ ബഗുകളുടെ വ്യാപനം നിയന്ത്രിക്കുന്നതിന് സഹായകരമാകുന്ന കണ്ട് പിടുത്തം നടത്തിയ മലയാളി അന്തര്ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നു. ഐറിഷ് മലയാളിയും സ്ലൈഗോയിലെ താമസക്കാരനുമായ പ്രൊഫ. സുരേഷ് പിള്ളയുടെ പഠനമാണ് ജേണല്‍ സയന്‍റിഫിക് റിപ്പോര്‍ട്സില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. 2050-ാടെ പത്ത് മില്യണ്‍ പേരുടെ ജീവനായിരിക്കും ഇത്തരം സൂപ്പര്‍ ബഗ് എടുക്കുകയെന്നാണ് കരുതുന്നതെന്ന് മനസിലാകുമ്പോഴാണ് കണ്ട് പിടുത്തത്തിന്‍റെ പ്രധാന്യം മനസിലാകുക. ഇ കോളി എംആര്‍എസ്എ എന്നിവയില്‍ നിന്ന് ഉപകരണങ്ങളെയും മറ്റും അണുമുക്തമാക്കുന്നതിന് സഹായകരമാകുന്നതാണ് പുതിയ ഗവേഷണം. അണുമുക്തമാക്കുന്നതിന് നാനോടെക്നോളജിയിലൂടെ   ഏജന്‍റ് കണ്ടെത്തുകയാണ് ചെയ്തിരിക്കുന്നത് ഇതാകട്ടെ 99.9 ശതമാനം വരെ  ഫലപ്രദവുമാണ്. ഗ്ലാസ്, ലോഹങ്ങള്‍, സെറാമിക്സ് ഉപ്തന്നങ്ങള്‍ എല്ലാം തന്നെ ബാക്ടീരിയകളില്‍ നിന്ന് രക്ഷിക്കാനാകും. ആശുപത്രി ആവശ്യങ്ങള്‍ക്കും ചികിത്സാ മേഖലയിലും കണ്ടെത്തല്‍ പ്രയോജനപ്പെടുമെന്നാണ് ഗവേഷകര്‍ സൂചിപ്പിക്കുന്നത്.

പന്ത്രണ്ട് വര്‍ഷത്തോളമായി നടത്തി വരുന്ന ഗവേഷണമാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. പിള്ളയുടെ നേതൃത്വത്തിലുള്ള ഗവേഷകര്‍ ആദ്യം സെന്‍റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ എഞ്ചിനിയറിങ് സര്‍ഫസ് ടെക്നോളിജിയിലും ഐടി സ്ലൈഗോസ് നാനോ ടെക്നോളജി റിസര്‍ച്ച് ഗ്രൂപ്പിലുമായി ഗവേഷണം നടത്തി വരികയായിരുന്നു. സൂപ്പര്‍ ബഗുകള്‍ക്കെതാരിയ പോരാട്ടത്തില്‍ വലിയമാറ്റങ്ങളായിരിക്കും ഇപ്പോഴത്തെ കണ്ട് പിടുത്തതോടെ വരികയെന്നാണ് സുരേഷ് പിള്ള പ്രതീക്ഷിക്കുന്നത്.

ഓരോരുത്തരുടെ കൈയിലും അനവധി ബാക്ടീരിയകളുണ്ടാകും. മൊബൈല്‍ ഫോണായിരിക്കും ഒരു വ്യക്തി മൂലം ഏറ്റവും കൂടുതല്‍ ബാക്ടീരിയ ബാധിക്കുന്ന ഉപകരണം. ഫോണുകളില്‍ അഞ്ച് മാസം വരെ ബാക്ടീരിയകള്‍ക്ക് ജീവിക്കുന്നതിന് കഴിയും. ഉമിനീരില്‍ നിന്നും കൈകളില്‍ നിന്നും ഫോണില്‍ പ്രോട്ടീനുകള്‍ പറ്റുന്നതായിരിക്കും. ഇതാകട്ടെ ബാക്ടീരിയകള്‍ക്ക് ജീവിക്കാന്‍ സഹാകരമാകുന്ന സാഹചര്യവും ഒരുക്കി നല്‍കും. ടോയ് ലറ്റിലെ ഇരിപ്പിടത്തില്‍ കാണുന്നതിന്‍റെ മുപ്പതിരട്ടി ബാക്ടീരിയ ഫോണില്‍ ഇപ്രകാരം വളരുന്നതിന് സാഹചര്യമുണ്ട്.

ആന്‍റി ബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ഇത്തരം സൂക്ഷമ ജീവികളെ പൂര്‍ണമായും അവ പറ്റിപിടിക്കുന്ന പ്രതലത്തില്‍ നിന്ന് കൊന്ന് കളയാന്‍ മാര്‍ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. ശാസ്ത്രജ്ഞര്‍ ഇവ പടരുന്നത് തടാനുള്ള വഴികള്‍ നോക്കുകയാണ് ചെയ്യുന്നത്. ഉത്പാദന ഘട്ടത്തില്‍ ചൂടാക്കുകയായിരുന്നു ഒരു മാര്‍ഗം. എന്നാല്‍ ചൂടാക്കുന്ന പദാര്‍ത്ഥങ്ങള്‍ വിഷ വസ്തുക്കളായി മാറുകയോ അള്‍ട്രാ വയലറ്റ് രശ്മിയുടെ സഹാത്താല്‍മാത്രം ബാക്ടീരിയക്കെതിരെ പ്രവര്‍ത്തിക്കുകയോ ആണ് ചെയ്തിരുന്നത്. പ്രധാന വെല്ലുവിളി മുറിക്കുള്ളിലെ വെളിച്ചത്തില്‍ തന്നെ ബാക്ടീരിയക്കെതിരെ പോരാടുന്ന ദ്രവ രൂപത്തിലുള്ള പാനീയം കണ്ടെത്തുകയായിരുന്നു.

ഇതാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഗ്ലാസിലും , സെറാമിക്സിലും ലോഹപ്രതലത്തിലുമെല്ലാം ഈ ദ്രാവകം ഉത്പാദന സമയത്ത് പൂശിയാല്‍ അവ 99.9 ശതമാനവും ബാക്ടീരിയകളെ പ്രതിരോധിക്കുന്നതായിരിക്കും. പാനീയം സ്പ്രേ ചെയ്ത ശേഷം പദാര്‍ത്ഥം ചൂടാക്കുന്നതോടെ സ്ഥിരമായതും സുതാര്യമായതും കോറല്‍ വീഴാത്തതുമായ ഒരു ആവരണം രൂപപ്പെട്ട് വരും.

കോട്ടയം ചമ്പക്കര സ്വദേശിയാണ് സുരേഷ് പിള്ള. 1999 മുതല്‍ അയര്‍ലന്‍ഡില്‍ ഉണ്ട്. സരിതാ സുരേഷാണ് ഭാര്യ. ആറിലും ഒന്നിലും പഠിക്കുന്ന ശ്രീ ശേഖര്‍, ശ്രീഹരി എന്നിവരാണ് മക്കള്‍. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ നേതൃത്വത്തിലും പ്രവര്‍ത്തിച്ചിരുന്നു.  തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സില്‍ ആയിരുന്നു ഗവേഷണ ജീവിതത്തിന് തുടക്കമിട്ടത്.  ട്രിനിറ്റി കോളേജില്‍ നിന്ന് 2004ല്‍ ഡോക്ടറേറ്റ് നേടി കാലിഫോറ്‍ണിയയിലെ കാള്‍ടെക്കില്‍ തുടര്‍ ഗവേഷണം ചെയ്തു.  രണ്ട് യുഎസ് പാറ്റന്‍റുകള്‍ നേടിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: