ടോംസ് അന്തരിച്ചു

കൊച്ചി: മലയാളിയുടെ ചിരിയായി മാറിയ ബോബനും മോളിയുടെയും സൃഷ്ടാവായ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ടോംസ്(വി റ്റി തോമസ്) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 86 വയസായിരുന്നു.

ചങ്ങാനേശ്ശിരിയില്‍ ജനിച്ച ടോംസ് രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് സൈന്യത്തില്‍ ഇലക്ട്രീഷ്യനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സൈന്യത്തില്‍ നിന്നും പോന്നശേഷം സഹോദരനായ കാര്‍ട്ടൂണിസ്റ്റ് പീറ്റര്‍ തോമസിന്റെ വഴിയിലൂടെയാണ് കാര്‍ട്ടൂണ്‍ രംഗത്തേക്ക് തിരിയുന്നത്.

കാര്‍ട്ടൂണിസ്റ്റായി കരിയര്‍ തുടങ്ങുന്നത് ദീപിക പത്രത്തിലാണ്. പിന്നീടാണ് മലയാള മനോരമയില്‍ ചേരുന്നത്. ടോംസിന്റെ മുപ്പതാം വയസിലാണ് അയല്‍പ്പക്കത്തെ കുട്ടികളെ മാതൃകയാക്കി ബോബനെയും മോളിയേയും സൃഷ്ടിക്കുന്നത്. 40 വര്‍ഷത്തോളം മനോരമയിലൂടെ ബോബനെയും മോളിയേയും അവരുടെ കുസൃതികളും മലയാളിക്ക് സമ്മാനിച്ചു ടോംസ്. ബോബനും മോളിയും കൂടാതെ അവരുടെ അച്ഛന്‍ കേസില്ലാ വക്കീലായ പോത്തന്‍, അമ്മ മറിയ, അപ്പി ഹിപ്പി, പഞ്ചായത്ത് പ്രസിഡന്റ് ഇട്ടുണ്ണന്‍, ചേടത്തി, നേതാവ്, തുടങ്ങി മലയാളി ഉള്ളിടത്തോളം കാലം ചിരിച്ചെപ്പില്‍ സൂക്ഷിക്കുന്ന കഥാപാത്രങ്ങളും ടോംസ് സൃഷ്ടിച്ചു. ടോംസ് തന്റെ മക്കള്‍ക്ക് ഇട്ടപേരും ബോബനും മോളിയും എന്നു തന്നെയായിരുന്നു. കുഞ്ചുക്കുറുപ്പും ഉണ്ണിക്കുട്ടനുമൊക്കെ ടോംസിന്റെ സംഭാവനയാണ്.

മനോരമയില്‍ നിന്നും പിരിഞ്ഞശേഷം കലാകൗമുദിയില്‍ തന്റെ കാര്‍ട്ടൂണ്‍ വരയ്ക്കാനുള്ള ടോംസിന്റെ നീക്കത്തിനെതിരെ മനോരമ കോടതിയില്‍ പോവുകയുണ്ടായി. ആദ്യം കോടതി മനോരമയ്ക്ക് അനുകൂലമായി വിധി പറഞ്ഞെങ്കിലും പിന്നീട് ബോബനും മോളിയുടെയും അവകാശം ടോംസിന് തന്നെ കിട്ടി. ഇപ്പോഴും മലയാളി ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്ന കാര്‍ട്ടൂണ്‍ ബോബനും മോളിയും തന്നെയാണ്. ബോബനും മോളിയും സിനിമാരൂപത്തിലും പുറത്തിറങ്ങിയിരുന്നു. എന്റെ ബോബനും മോളിയും എന്ന പേരില്‍ ടോംസ് ആത്മകഥ എഴുതിയിട്ടുണ്ട്.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: