റിസ്റ്റിയെ കൊന്നത് അച്ഛനോടുള്ള പക മൂലം

കൊച്ചി: മാനസിക രോഗി പത്തു വയസ്സുകാരനെ പതിനേഴ് തവണ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. പുല്ലേപ്പടിയില്‍ ചെറുകരയത്ത് ലെയ്‌നില്‍ പത്തു വയസ്സുകാരന്‍ റിസ്റ്റിയാണ് മൃഗീയമായി കൊലപ്പെട്ടത്. മാനസിക രോഗിയായ അജി ദേവസ്യ രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ചെയ്തതാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ റിസ്റ്റിയുടെ പിതാവ് ജോണിനോട് പ്രതിയ്ക്കുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് ചോദ്യം ചെയ്യലില്‍ തെളിഞ്ഞു.

റിസ്റ്റിയുടെ പിതാവ് ജോണിനോട് അയല്‍വാസിയായ അജി പലപ്പോഴും പണം ചോദിക്കുമായിരുന്നു. ഓട്ടോറിക്ഷ തൊഴിലാളിയായ ജോണിന് അജി ആവശ്യപ്പെടുന്ന പണം നല്‍കാന്‍ കഴിയാറില്ല. പല ദിവസങ്ങളിലും അജി സ്വന്തം മാതാപിതാക്കളെ മര്‍ദിക്കാറുണ്ട്. പണം ചോദിച്ചിട്ടു നല്‍കാന്‍ കഴിയാതെ വരുന്ന സന്ദര്‍ഭത്തിലാണ് ഇയാള്‍ ആക്രമണകാരിയാകുന്നത്. മകന്റെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാന്‍ അജിയുടെ അമ്മ അഭയം തേടാറുള്ളത് ജോണിന്റെ വീട്ടിലാണെന്നതും അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

ജോണിനെ ആക്രമിക്കാനുള്ള ആരോഗ്യമില്ലാത്ത അജി, പകതീര്‍ക്കാന്‍ മകന്‍ റിസ്റ്റിയെ ഇരയാക്കുകയായിരുവെന്ന സമീപവാസികളുടെ മൊഴിയും ഈ ആരോപണത്തിന് ശക്തിയേറ്റുന്നു. തന്റെ അമ്മക്ക് സംരക്ഷണം നല്‍കുന്നതും ചോദിക്കുമ്പോള്‍ പണം നല്‍കാത്തതും മൂലം ജോണിനോട് നല്ല ദേഷ്യമുണ്ടായിരുന്നു അജിയ്ക്ക്. താന്‍ തുടങ്ങിയ പല ബിസിനസുകളും തകരാന്‍ കാരണം ജോണാണെന്നും അജി പറയാറുണ്ടായിരുന്നു.

ഇതെല്ലാം പ്രതി പോലീസിനോട് സമ്മതിക്കുകയും ചെയ്തു. ലഹരി ഉപയോഗിക്കുന്ന പ്രതി മാനസിക വിഭ്രാന്തി കാരണമാണു കൊല നടത്തിയതെന്ന ബന്ധുക്കളുടെയും പൊലീസിന്റെയും നിലപാടിനെതിരെ പുല്ലേപ്പടി റസിഡന്റ്‌സ് അസോസിയേഷന്‍ രംഗത്തു വന്നിരുന്നു. കൊലപാതകത്തിനു ലഹരിയുടെ ഉപയോഗം കാരണമായേക്കാം. എന്നാല്‍ പ്രതിയെ മനോവൈകല്യമുള്ളയാളായി ചിത്രീകരിച്ചു നിയമത്തിന്റെ ആനുകൂല്യം നല്‍കുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നാണു അസോസിയേഷന്റെ നിലപാട്.

Share this news

Leave a Reply

%d bloggers like this: