വെള്ളറട വില്ലേജ് ഓഫീസില്‍ ആസൂത്രിത സ്‌ഫോടനം; ഏഴ് ജീവനക്കാര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ വെള്ളറട വില്ലേജ് ഓഫീസില്‍ അജ്ഞാതന്‍ ആസൂത്രിത സ്‌ഫോടനം നടത്തി. ഓഫീസിലെ ജീവനക്കാര്‍ അടക്കം ഏഴു പേര്‍ക്കു പരിക്കേറ്റു. ഇതില്‍ അസിസ്റ്റന്റ് വില്ലേജ് ഓഫീസര്‍ വേണുഗോപാലിന്റെ നില ഗുരുതരമാണ്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വില്ലേജ് ഓഫീസര്‍ മോഹനന്‍, ഓഫീസിലെ ജീവനക്കാരായ കൃഷ്ണകുമാര്‍, വിജയമ്മ, കരം അടയ്ക്കാനെത്തിയ മണിയന്‍, ഇസഹാക്ക് എന്നിവര്‍ക്കും ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന ഹോമിയോ ആശുപത്രിയിലെ ഡോക്ടര്‍ എന്നിവര്‍ക്കാണു പരിക്കേറ്റത്.

രാവിലെ 10.30 ഓടെയാണു സംഭവം. ഹെല്‍മറ്റ് ധരിച്ചെത്തിയ അജ്ഞാതന്‍ വില്ലേജ് ഓഫീസറുടെ മുറിയില്‍ ഒരു പെട്ടിയുമായെത്തി. ഇതിനു ശേഷം തീപ്പെട്ടി ഉരച്ചു പെട്ടിയില്‍ ഇട്ടു. തുടര്‍ന്നു ചെറുശബ്ദത്തോടെ തീ പടരുകയും ഓഫീസിലെ ജീവനക്കാര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങുകയുമായിരുന്നു. സംഭവത്തിനു ശേഷം അജ്ഞാതന്‍ ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ തുടങ്ങി.

അഗ്നിബാധയില്‍ ഓഫീസിലെ കമ്പ്യൂട്ടറുകളും ഫയലുകളും പൂര്‍ണമായും കത്തിനശിച്ചു. ആക്രമണം എന്തിനു വേണ്ടിയാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവം നടക്കുമ്പോള്‍ ഓഫീസിലും പരിസരത്തുമായി 40 ഓളം ആളുകള്‍ ഉണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. പാറശാല, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തിയാണു തീ അണച്ചത്. വെള്ളറട സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തഹസീല്‍ദാരും പോലീസും സ്‌ഫോടനം നടന്ന ഓഫീസില്‍ പരിശോധന നടത്തി.

Share this news

Leave a Reply

%d bloggers like this: