ജിഷയുടെ കൊലപാതകം: രണ്ടു പേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

പെരുമ്പാവൂര്‍: പെരുമ്പാവൂകില്‍ നിയമ വിദ്യാര്‍ഥിനി ജിഷയെ വസതിയില്‍ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ജിഷയുടെ അയല്‍വാസിയാണ് ഇരുവരും എന്നാണ് സൂചന. ഇവരെ പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫീസിലെത്തിച്ചു. മുഖം മറച്ചാണ് കസ്റ്റഡിയില്‍ എടുത്തവരെ സ്റ്റേഷനില്‍ എത്തിച്ചത്. ഇവരുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കൊലപാതകവുമായി ബന്ധവുമില്ലെന്നാണ് പോലീസ് നിഗമനം.

കേസില്‍ ജിഷയുടെ സഹോദരി ഭര്‍ത്താവ് ഉള്‍പ്പെടെ നിരവധി പേര്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനകം 50 പേരെ പോലീസ് ചോദ്യം ചെയ്തു. വിദ്യാര്‍ഥിനിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുറ്റക്കാട്ടുപറമ്പില്‍ രാജേഷിന്റെ മകള്‍ ജിഷ (30) കൊല്ലപ്പെട്ടത്.

സംഭവത്തിന് ശേഷം പോലീസ് വേണ്ട വിധത്തില്‍ അന്വേഷണം നടത്തിയിട്ടില്ലെന്ന ആക്ഷേപത്തെ തുടര്‍ന്ന് തിങ്കളാഴ്ച ഡിവൈഎസ്പി അനിലിന്റെ നേതൃത്വത്തില്‍ ആറു സ്‌ക്വാഡിന് രൂപം നല്‍കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം ആരംഭിച്ചു. മൂന്നു സിഐമാരും അഞ്ച് എസ്ഐമാരും ഇതില്‍ ഉള്‍പ്പെടും. കൊലപാതകത്തിന് ഉപയോഗിച്ച മാരകായുധങ്ങള്‍ പോലീസ് കണ്ടെടുത്തു. കൊലചെയ്യപ്പെട്ട ജിഷ രണ്ടുദിവസം മുന്‍പാണ് വീട്ടിലെത്തിയതെന്ന് പറയുന്നു. എല്‍എല്‍ബി പരീക്ഷയില്‍ ഒരു വിഷയം തോറ്റതിനാല്‍ എറണാകുളത്ത് ഒരു അഭിഭാഷകന്റെ അടുത്ത് ജോലി ചെയ്യുകയും അവിടെ സമീപത്തുള്ള ഹോസ്റ്റലില്‍ താമസിച്ചു വരികയായിരുന്നു. മൂന്നാഴ്ച മുന്‍പ് ജിഷ നാട്ടില്‍ വന്നപ്പോള്‍ മാതാവിന്റെ ദേഹത്ത് റോഡില്‍വച്ച് അന്യസംസ്ഥാന തൊഴിലാളികളുടെ ബൈക്ക് ഇടിച്ചിരുന്നു. അപ്പോള്‍ അവിടെയുണ്ടായിരുന്ന ജിഷ ഇവരുമായി തര്‍ക്കമുണ്ടാക്കുകയും ബൈക്കിന്റെ താക്കോല്‍ ഊരിയെടുക്കുകയും ചെയ്തു. പിറ്റേന്ന് വീട്ടിലെത്തി ക്ഷമ ചോദിച്ചിട്ടാണ് താക്കോല്‍ നല്‍കിയത്. ഇക്കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

ജിഷ കൊല്ലപ്പെട്ടതു ക്രൂരമായ പീഡനത്തിന് ഇരയായ ശേഷമെന്നു പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. യുവതിയുടെ മാറിടത്തിലും കഴുത്തിലുമായി 13 ഇഞ്ച് ആഴത്തിലുള്ള രണ്ടു മുറിവുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുഹ്യഭാഗത്ത് ഇരുമ്പു ദണ്ഡുകൊണ്ട് ആക്രമിച്ചതായും വന്‍കുടല്‍ പുറത്തുവന്നതായും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു. ആണി പറിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പുദണ്ഡുകൊണ്ടു തലയ്ക്കു പിന്നിലും മുഖത്തും മാരകമായി അടിയേറ്റിട്ടുണ്ട്. അടിയുടെ ആഘാതത്തില്‍ മൂക്കു തകര്‍ന്നു. ഇരുമ്പുദണ്ഡ് പോലീസ് കണ്ടെടുത്തു. ഷാള്‍ ഉപയോഗിച്ചു മുറുക്കിയശേഷം കഴുത്തില്‍ കത്തി ഉപയോഗിച്ചു കുത്തിയിട്ടുണ്ട്. ബലാത്സംഗശ്രമം ചെറുക്കുന്നതിനിടെയാണ് അക്രമം നടന്നതെന്നാണു പോലീസിന്റെ നിഗമനം.

വ്യാഴാഴ്ച രാത്രി എട്ടോടെയാണു ജിഷയുടെ മൃതദേഹം കുറുപ്പംപടി വട്ടോളിപ്പടിയില്‍ കനാല്‍ പുറംപോക്കു ഭൂമിയിലെ ഒറ്റമുറി വീട്ടിലെ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. ആദ്യപരിശോധനയില്‍ കൊലപാതകമാണെന്നു പോലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, സംഭവം നടന്നു ദിവസങ്ങളോളം ജിഷയുടെ ശരീരത്തിലുണ്ടായ മറ്റു പീഡനങ്ങളെക്കുറിച്ചു പോലീസ് അന്വേഷിച്ചില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷമാണു കെലപാതകത്തിനു മുമ്പ് ക്രൂരമായ പീഡനം നടന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.

ജിഷയും അമ്മ രാജേശ്വരിയുമാണു വീട്ടില്‍ താമസിച്ചിരുന്നത്. മാനസിക അസ്വസ്ഥതകളുള്ള രാജേശ്വരി ഇടയ്ക്കു വീട്ടുജോലികള്‍ക്കു പോയാണു കുടുംബം പുലര്‍ത്തിയിരുന്നത്. സംഭവ ദിവസം രാജേശ്വരി ജോലി കഴിഞ്ഞ് വൈകിയാണു വീട്ടിലെത്തിയത്. പരിസരവാസികളുമായി അടുപ്പമില്ലാതെ ഒറ്റപ്പെട്ടാണ് ഇവര്‍ കഴിഞ്ഞിരുന്നത്. രാജേശ്വരിയുടെ ഭര്‍ത്താവ് ബാബു 25 വര്‍ഷം മുമ്പ് ഇവരെ ഉപേക്ഷിച്ച് ഓടക്കാലി ചെറുകുന്നം ഭാഗത്ത് മാറിത്താമസിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: