ജിഷയുടെ കൊലപാതകം: കൃത്യം നടത്തിയത് ഒരാളെന്ന് ഐജി; പ്രതിഷേധം പടരുന്നു

കൊച്ചി: നിയമവിദ്യാര്‍ഥിനി ജിഷയുടെ ക്രൂരമായ കൊലപാതകം നടത്തിയതിന് പിന്നില്‍ ഒരാളെന്ന് കൊച്ചി റെയ്ഞ്ച് ഐജി മഹിപാല്‍ യാദവ്. കൃത്യം ചെയ്തയാള്‍ ജിഷയുടെ വീട്ടിലേക്ക് കയറിപോകുന്നവരും തിരികെ വരുന്നതും കണ്ടവരുണ്ട്. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവര്‍ പ്രതികളാണെന്ന് ഉറപ്പിക്കാനാവില്ല. രണ്ടു ദിവസത്തിനകം കേസില്‍ വഴിത്തിരിവുണ്ടാകും. ഡല്‍ഹി മോഡല്‍ സംഭവമാണ് ഉണ്ടായതെന്ന് പറയാന്‍ സാധിക്കില്ല. പ്രതിയെ കണ്ടവരുണ്ടെന്നും ഐജി അറിയിച്ചു.

അതിനിടെ പെരുമ്പാവൂരില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. സ്ഥലത്തെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വാഹനം ഇടതു യുവജന സംഘടന പ്രവര്‍ത്തകര്‍ തടഞ്ഞു. കേസിലെ പ്രതികളെ പിടികൂടാന്‍ പൊലീസിന് സാധിച്ചില്ലെന്നും ശക്തമായ നടപടി പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്നും ആരോപിച്ചാണ് സംഘടനകളുടെ പ്രതിഷേധം. ജിഷയുടെ അമ്മയെ കാണാന്‍ ആശുപത്രിയിലെത്തിയ ചെന്നിത്തലയ്ക്ക് പ്രതിഷേധം കാരണം ആശുപത്രിയില്‍ കടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ജിഷയുടെ വീട് മന്ത്രി സന്ദര്‍ശിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അയല്‍വാസിയടക്കം രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫിസില്‍ എത്തിച്ചു ഐജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു. ഇവര്‍ ഇപ്പോഴും കസ്റ്റഡിയിലാണ്.

അതേസമയം, സംഭവത്തില്‍ പട്ടികജാതി ഗോത്ര കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശവും നല്‍കി. ഡിജിപിക്കും ഹോം സെക്രട്ടറിക്കുമാണ് ജസ്റ്റിസ് പി.എന്‍. വിജയകുമാറിന്റെ നിര്‍ദേശം. ഇത്തരം അക്രമങ്ങള്‍ തടയാന്‍ പ്രത്യേക മൊബൈല്‍ സ്‌ക്വാഡ് ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊലപാതകം നടന്ന് അഞ്ചു ദിവസം കഴിഞ്ഞിട്ടും കുറ്റക്കാരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. പെരുമ്പാവൂരും കൊച്ചിയിലും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുമ്പിലും വനിത സംഘടനകളുടെയും വിദ്യാര്‍ത്ഥി സംഘടനകളുടെയും നേതൃത്വത്തില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. സോഷ്യല്‍ മീഡിയയിലും പ്രതിഷേധം പടരുകയാണ്.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കും അഞ്ചു മണിക്കും ഇടയിലാണ് കുറുപ്പംപടി വട്ടോലിക്കനാലിനു സമീപത്തെ ഒറ്റമുറിവീട്ടില്‍ ജിഷ കൊലചെയ്യപ്പെട്ടത്. ഇതര സംസ്ഥാന തൊഴിലാളികളിലേക്കും പരിചയക്കാരിലേക്കും പൊലീസിന്റെ അന്വേഷണം നീളുന്നുണ്ട്. കൊലപാതകം നടന്ന സമയവും മൊഴികളും പരിഗണിച്ചാണ് വീട്ടുകാരെ അറിയുന്നവരാകും കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുന്നത്. ഡല്‍ഹിയില്‍ നിര്‍ഭയയ്ക്ക് സമാനമായ രീതിയില്‍ ക്രൂരമായായിരുന്നു ജിഷയെ കൊലപ്പെടുത്തിയത്. വീട്ടിലെത്തിയ ആരോടോ ജിഷ ഉച്ചത്തില്‍ സംസാരിച്ചുവെന്ന് പൊലീസിന് മൊഴി ലഭിച്ചെന്നാണ് സൂചന. ഇതാണ് വീട്ടുകാരെ പരിചയമുള്ളവരിലേക്ക് അന്വേഷണം നീളാനുള്ള കാരണം. ഇവരുടെ വീടിനു സമീപത്ത് മതില്‍ കെട്ടാന്‍ വന്ന അന്യസംസ്ഥാന തൊഴിലാളികള്‍ വീട്ടുകാരുമായി അടുപ്പത്തിലായിരുന്നു. ഇവരിലേക്കും അന്വേഷണം നീളുന്നുണ്ട്.

പൂര്‍വവൈരാഗ്യസാധ്യതയും പരിഗണിക്കുന്നുണ്ട്. ജിഷ കൊല്ലപ്പെടുമ്പോള്‍ അമ്മ ജോലിക്ക് പോയിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയം മനസിലാക്കിയ ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്ന് ജിഷയുടെ സഹോദരിയും സംശയിക്കുന്നു. ജിഷയുടെ മൃതദേഹം കണ്ട അമ്മയുടെ മൊഴി വ്യക്തമല്ലാത്തത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. മാനഭംഗം ചെയ്യപ്പെട്ട ശേഷം ജനനേന്ദ്രീയത്തില്‍ ക്രൂരമായ രീതിയില്‍ പരിക്കേല്‍പിച്ചാണ് ജിഷയെ കൊലപ്പെടുത്തിയത്. ശരീരത്തില്‍ 30 ഓളം മുറിവുകളുമുണ്ടായിരുന്നു.

Share this news

Leave a Reply

%d bloggers like this: