വീട്ടുവാടക 1,000 യൂറോ കടന്നു; ഉയര്‍ന്ന വാടകയും വീടുകളുടെ ലഭ്യതക്കുറവും…ഭവനമേഖല പ്രതിസന്ധിയില്‍

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ശരാശരി വീട്ടുവാടക 2008 ന് ശേഷം ആദ്യമായി 1,000 യൂറോ കടന്നു. അതേസമയം വാടകയ്ക്ക് നല്‍കാനുള്ള പ്രോപ്പര്‍ട്ടികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദേശവ്യാപകമായി 3,100ല്‍ കുറവ് പ്രോപ്പര്‍ട്ടികളാണ് വാടകയ്ക്ക് നല്‍കാനുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 4,300 ആയിരുന്നു. 2009ല്‍ 23,000 പ്രോപ്പര്‍ട്ടികളും വാടകയ്ക്ക് നല്‍കാനുണ്ടായിരുന്നു.

പ്രോപ്പര്‍ട്ടി വെബ്സൈറ്റായ ഡാഫ്റ്റ് റെന്‍ഡല്‍ റിപ്പോര്‍ട്ടാണ് 2016 തുടക്കത്തിലെ ഈ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. ദേശവ്യാപകമായി 1,006 യൂറോയാണ് വീട്ടുവാടക എന്നാണ് അവര്‍ ചൂണ്ടികാട്ടുന്നത്. അതായത് 2008 മെയ് മുതലുള്ള കണക്കെടുക്കുമ്പോള്‍ ആദ്യമായാണ് 1,000 യൂറോ കടക്കുന്നത്.

വാടകയിനത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാകുന്നത് കഴിഞ്ഞ വര്‍ഷം കോര്‍ക്കിലാണ്. അവിടുത്തെ ശരാശരി വാടക 1,003 യൂറോയാണ്. ഗാല്‍വേ, ലിമെറിക്, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളിലും വാടകയില്‍ കാര്യമായ മാറ്റമാണ് ഉണ്ടായിട്ടുള്ളത്.

അയര്‍ലന്‍ഡിലെ പ്രധാന നഗരങ്ങളിലെ വാടക തുക:

ഡബ്ലിന്‍, ശരാശരി വാടക: 1,464 യൂറോ, 8.8 ശതമാനം വര്‍ദ്ധനവ്

കോര്‍ക്ക്: 1,003 യൂറോ, 16 ശതമാനം വര്‍ദ്ധനവ്

ഗാല്‍വേ: 900 യൂറോ, 12.7 ശതമാനം വര്‍ദ്ധനവ്

ലിംറിക്: 792 യൂറോ, 12.4 ശതമാനം വര്‍ദ്ധനവ്

വാട്ടര്‍ഫോര്‍ഡ്: 687 യൂറോ, 11.1 ശതമാനം വര്‍ദ്ധനവ്

മെയ് 1 ലെ കണക്കനുസരിച്ച് 1,100 പ്രോപ്പര്‍ട്ടികളാണ് വാടകയ്ക്ക് ലഭ്യമായത്. 2006-2015 കാലഘട്ടത്തില്‍ 3,800 പ്രോപ്പര്‍ട്ടികളാണ് ലഭ്യമായിരുന്നത്.

ഹൗസിംഗ് മേഖലയിലെ പ്രശ്നങ്ങളില്‍ പുതിയ സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കണമെന്ന് ഇക്കണോമിസ്റ്റ് റോണന്‍ ലയോണ്‍സ് പറഞ്ഞു. വാടക കെട്ടിടങ്ങളുടെ കുറവ് കഴിഞ്ഞ മൂന്ന് മാസമായി പരിതാപകരമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

-എജെ-

Share this news

Leave a Reply

%d bloggers like this: