ബംഗാളും ആസാമും തമിഴ്‌നാടും ഫലം അറിയാന്‍ കാത്തിരിക്കുന്നു

ന്യൂഡല്‍ഹി: കേരളത്തിനൊപ്പം പശ്ചിമ ബംഗാളും തമിഴ്‌നാടും ആസാമും നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ കാത്തിരിക്കുന്നു. കോണ്‍ഗ്രസും ഇടതുപക്ഷവും ചേര്‍ന്നുള്ള സഖ്യം മമതയെ വീഴ്ത്തുമോ, അതോ തൃണമൂല്‍ കോണ്‍ഗ്രസ് വാഴുമോയെന്നാണ് ബാഗാള്‍ ഉറ്റുനോക്കുന്നതെങ്കില്‍ ആസാമില്‍ കോണ്‍ഗ്രസില്‍നിന്ന് ബിജെപി ഭരണം പിടിക്കാന്‍ ഒരുങ്ങിത്തന്നെയാണ്. തമിഴ്‌നാട്ടില്‍ കരുണാനിധിയുടെ ഡിഎംകെ ജയലളിതയെ വീഴ്ത്തുമെന്നാണ് അഭിപ്രായ സര്‍വേകള്‍ നല്‍കിയ സൂചനകള്‍.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പശ്ചിമ ബംഗാളില്‍ മമതയ്ക്കും ആസാമില്‍ ബിജെപിക്കും അനുകൂലമായിരുന്നു. എബിപി നടത്തിയ എക്‌സിറ്റ്‌പോളില്‍ മമതയുടെ തൃണമൂല്‍ 178 സീറ്റ് നേടി അധികാരം നിലനിര്‍ത്തുമെന്നാണ് പ്രവചിച്ചിരുന്നത്. ഇടത്- കോണ്‍ഗ്രസ് സഖ്യം 110 സീറ്റ് നേടുമെന്നും എക്‌സിറ്റ്‌പോള്‍ പറയുന്നു. ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ അഭിപ്രായ സര്‍വേയും മമത ഭരണം തുടരുമെന്നാണ് പ്രവചിക്കുന്നത്. ബിജെപി ബംഗാളില്‍ ഒരു സീറ്റുമുതല്‍ അഞ്ചു സീറ്റുവരെ നേടുമെന്നും പ്രവചിക്കുന്നു.

അസമില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ അഭിപ്രായ സര്‍വേ സൂചിപ്പിക്കുന്നത്. ബിജെപി അസമില്‍ 79- 93 സീറ്റുകള്‍വരെ നേടാം. കോണ്‍ഗ്രസിന് 26 മുതല്‍ 33 സീറ്റുകള്‍വരെ കരസ്ഥമാക്കുമെന്നാണ് ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ്‌പോള്‍ ഫലം നല്‍കുന്ന സൂചന.

തമിഴ്‌നാട്ടില്‍ ജയലളിതയുടെ എഐഎഡിഎംകെ അധികാരത്തില്‍നിന്നും മാറ്റപ്പെടുമെന്ന് ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പറയുന്നു. ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം 106 മുതല്‍ 120 സീറ്റുകള്‍വരെ നേടി അധികാരത്തിലെത്തുമെന്നാണ് പ്രവചനം. എഐഎഡിഎംകെയ്ക്ക് 89-മുതല്‍ 101 സീറ്റുകളാണ് അഭിപ്രായ സര്‍വെ നല്‍കുന്നത്.

ആസാമില്‍ ബിജെപി 84 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് ബിജെപി നേതാവ് സര്‍ബാനന്ദ സോനാവാള്‍ പറഞ്ഞു. ആസാമിലെ ജനങ്ങളുടെ അഭിവൃദ്ധിക്കായി പ്രാര്‍ഥിക്കാമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധികാരത്തിലെത്തിയാല്‍ സര്‍ബാനന്ദ സോനാവാളായിരിക്കും മുഖ്യമന്ത്രിയെന്നാണ് കരുതുന്നത്. എക്സ്റ്റി പോള്‍ ഫലങ്ങളില്‍ വിശ്വസക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി തരുണ്‍ ഗോഗോയുടെ പ്രതികരണം. എന്നാല്‍ ബംഗാളില്‍ മമത തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കു ശേഷം നിശബ്ദയാണ്. ഫലം പൂര്‍ണമായും അറിഞ്ഞുകഴിഞ്ഞതിനു ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് അവര്‍.

Share this news

Leave a Reply

%d bloggers like this: