തിരിച്ചടിയുടെ ഇരകളായി ചെറിയ പാര്‍ട്ടികള്‍

കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ യുഡിഎഫിലെ പ്രധാന ഘടകകക്ഷികളായ ആര്‍എസ്പി, ജെഡിയു എന്നിവരും സിഎംപി യും ഇത്തവണ നിയമസഭാ പ്രാതിനിധ്യം ഇല്ലാത്തവരായി. ഇടത് പക്ഷത്തിന്റെ പിന്തുണയോടെ മത്സരിച്ച ജനാധിപത്യ കേരളാ കോണ്‍ഗ്രസിനും സീറ്റൊന്നും നേടാന്‍ കഴിഞ്ഞില്ല.

വലിയ തിരിച്ചടി നേരിട്ടിരിക്കുന്ന പാര്‍ട്ടികള്‍ ജെഡിയുവും ആര്‍എസ്പിയുമാണ്. ജെഡിയുവിന് നിലവില്‍ ഒരു മന്ത്രി ഉള്‍പ്പെടെ രണ്ട് പ്രതിനിധികളാണ് നിയമസഭയില്‍ ഉണ്ടായിരുന്നത്. മന്ത്രി കെ പി മോഹനനും ശ്രേയാംസ് കുമാര്‍ എംഎല്‍എയും പക്ഷെ അവരുടെ മണ്ഡലങ്ങളില്‍ ദയനീയമായി പരാജയപ്പെട്ടു. കെ കെ ശൈലജയോട് 12,291 വോട്ടുകള്‍ക്കായിരുന്നു മന്ത്രി മോഹനന്റെ പരാജയം. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ഇവിടെ നിന്നും കഴിഞ്ഞ തവണ മുവായിരത്തിലേറെ വോട്ടുകളുടെ അട്ടിമറി വിജയവുമായിട്ടായിരുന്നു മോഹനന്‍ നിയമസഭയിലെത്തിയത്.

 ജെഡിയുവിന്റെ തട്ടകമായ കല്‍പ്പറ്റയിലാണ് ശ്രേയംസിന് കാലിടറിയിരിക്കുന്നത്. അമ്പലപ്പുഴ, വടകര, ഏലത്തൂര്‍, നേമം, മട്ടന്നൂര്‍ എന്നിവിടങ്ങളായിരുന്നു ജെഡിയു മത്സരിച്ച മറ്റ് മണ്ഡലങ്ങള്‍. ഇതില്‍ നേമത്തെ ഫലം പാര്‍ട്ടിക്കും യുഡിഎഫിനും മായ്ക്കാനാകാത്ത നാണക്കേടാണ് സൃഷ്ടിച്ചിരിക്കുന്നത്. മൂന്നാം സ്ഥാനത്തേക്ക് ദയനീയമായി പിന്തള്ളപ്പെട്ട ജെഡിയു സ്ഥാനാര്‍ത്ഥി വി സുരേന്ദ്രന്‍ പിള്ളയ്ക്ക് നേടാനായത് വെറും 13,860 വോട്ടുകള്‍ മാത്രം. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മുന്നണി വിട്ടുവന്ന സുരേന്ദ്രന്‍ പിള്ളയെ പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കി സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു ജെഡിയു.

കൊല്ലം ജില്ലയിലെ ശക്തമായ സാന്നിധ്യമായിരുന്നു ആര്‍എസ്പി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍ രണ്ട് എംഎല്‍എമാരുമായിപ് യുഡിഎഫിലെത്തി. ഷിബു ബേബിജോണിന്റെ പാര്‍ട്ടി മാതൃപാര്‍ട്ടിയില്‍ ലയിച്ചതോടെ ആര്‍എസ്പിക്ക് മൊത്തം മൂന്ന് എംഎല്‍എമാരായി. പക്ഷെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കോവൂര്‍ കുഞ്ഞുമോന്‍ പാര്‍ട്ടിയും മുന്നണിയും വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച് എല്‍ഡിഎഫില്‍ചേക്കേറി, കുന്നത്തൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വവും കരസ്ഥമാക്കി. എല്ലാം കൊണ്ടും അഭിമാനപ്പോരാട്ടമായിരുന്നു ആര്‍എസ്പിക്ക് ഈ തെരഞ്ഞെടുപ്പ്. മന്ത്രി ഷിബു ബേബിജോണിന്റെ ചവറയിലും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ എ അസീസിന്റെ ഇരവിപുരത്തും വിജയം നേതാക്കള്‍ പ്രതീക്ഷിച്ചു.

എന്നാ തിരിച്ചടിയായിരുന്നു ഫലം. 2001 മുതല്‍ വിജയിച്ചു വന്നിരുന്ന മണ്ഡലത്തില്‍ 28,803 വോട്ടുകളുടെ ഭീമന്‍ തോല്‍വിയാണ് അസീസിന് ഏറ്റത്.

കേരളാ കോണ്‍ഗ്രസില്‍ ജനാധിപത്യം പുലര്‍ത്താന്‍ ആരംഭിച്ച ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് പക്ഷെ ജനാധിപത്യ കേരളത്തിന്റെ പിന്തുണ ലഭിച്ചില്ല. സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് മാണിഗ്രൂപ്പില്‍ നിന്ന് വിട്ട് രൂപീകരിച്ച പാര്‍ട്ടിയുമായി എല്‍ഡിഎഫിലെത്തി മത്സരിക്കാന്‍ നാല് സീറ്റുകള്‍ സ്വന്തമാക്കി. പക്ഷെ ജനപിന്തുണ സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്ജ് ഉള്‍പ്പെടെ നാല് സ്ഥാനാര്‍ത്ഥികളും ദയനീയമായി പരാജയപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: