പൂവരണി പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി ലിസിക്ക് 25 വര്‍ഷം തടവ്

കോട്ടയം: പൂവരണി പെണ്‍വാണിഭക്കേസില്‍ മുഖ്യപ്രതി ലിസിക്ക് 25 വര്‍ഷം തടവ്. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി കെ. ബാബുവാണ് വിധി പ്രസ്താവിച്ചത്. ലിസിക്ക് തടവിനു പുറമേ നാലു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇവരെ കൂടാതെ രണ്ട, മൂന്ന്, അഞ്ച് പ്രതികള്‍ക്ക് ആറു വര്‍ഷം തടവും വിധിച്ചു.

ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റകാരെന്ന് കഴിഞ്ഞദിവസം കോടതി കണെ്ടത്തിയിരുന്നു. മുഖ്യ പ്രതി ലിസി, തിരുവല്ല പ്രാവിന്‍കൂട് സ്വദേശിനി ജോമിനി, ഭര്‍ത്താവ് ജ്യോതിഷ്, തങ്കമണി എന്നറിയപ്പെടുന്ന മിനി, കൊല്ലം സ്വദേശി സതീഷ്‌കുമാര്‍, തൃശൂര്‍ സ്വദേശി രാജി എന്നിവരാണ് കുറ്റക്കാര്‍. അഞ്ചു പേരെ കോടതി വെറുതെ വിട്ടു.

പൂവരണി സ്വദേശിനായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ അയര്‍ക്കുന്നത്തുള്ള ബന്ധുവായ സ്ത്രീ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയെന്നാണ് കേസ്. പെണ്‍കുട്ടി പിന്നീട് എയ്ഡ്‌സ് രോഗം പിടിപെട്ട് തേനി മെഡിക്കല്‍ കോളജില്‍ മരിച്ചു. 2007 ഓഗസ്റ്റ് മുതല്‍ 2008 മേയ് വരെ പീഡനം നടന്നതായാണ് കേസ്. മാസങ്ങള്‍ നീണ്ട ലൈംഗിക പീഡനങ്ങള്‍ക്കൊടുവില്‍ 2008 ഓഗസ്റ്റില്‍ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സിച്ചു. കോട്ടയത്തെ ആശുപത്രിയില്‍ കഴിയുമ്പോഴാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തു പറയുന്നത്. കുട്ടിയുടെ മരണശേഷം അമ്മ അന്നത്തെ കോട്ടയം ജില്ല പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.

ചങ്ങനാശേരി പോലീസ് 2008-ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോട്ടയം ഡിവൈഎസ്പി ആയിരുന്ന ടി. ബിജോയിയാണ് കേസ് അന്വേഷണം നടത്തി കോടതിയില്‍ എത്തിച്ചത്. വര്‍ഷങ്ങള്‍ നീണ്ട വിചാരണയില്‍ 127 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, മാനഭംഗം, വില്‍പന നടത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരേ കേസെടുത്തത്. കന്യാകുമാരി, കുമരകം ഹൗസ് ബോട്ട്, തിരുവല്ല, രാമപുരം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് അന്വേഷണത്തില്‍ കണ്‌ടെത്തിയത്.

Share this news

Leave a Reply

%d bloggers like this: