മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ നിലപാട് വഞ്ചനാപരം വി.ഡി സതീശന്‍

കോഴിക്കോട്: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ നിലപാട് വഞ്ചനാപരമെന്ന് കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി സതീശന്‍ എം.എല്‍എ. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച പ്രകടനപത്രികയില്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അധികാരത്തിലേറി മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഇത്തരമൊരു നിലപാടു മാറ്റം ജനങ്ങളോട് നടത്തിയ പ്രഖ്യാപനത്തിന്റെ കാപട്യമാണ് തെളിയിക്കുന്നതെന്നും ഫേസ്ബുക് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

മുഖ്യമന്ത്രി പിണറായി വിജയന്‍ മുല്ലപ്പെരിയാര്‍ വിഷയത്തിലെടുത്തിരിക്കുന്ന പുതിയ നിലപാട് വഞ്ചനാപരമാണ്. ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച പ്രകടനപത്രികയില്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അധികാരത്തിലേറി 3 ദിവസങ്ങള്‍ക്കുള്ളില്‍ ഇത്തരമൊരു നിലപാടു മാറ്റം തിരഞ്ഞെടുപ്പില്‍ ജനങ്ങളോട് നടത്തിയ പ്രഖ്യാപനത്തിന്റെ കാപട്യമാണ് തെളിയിക്കുന്നത്. ഇത് സംബന്ധിച്ച ഉദ്യോഗസ്ഥ തലത്തിലോ സര്‍ക്കാര്‍ അഭിഭാഷകരായോ ചര്‍ച്ച നടത്തിയതായി ജനങ്ങള്‍ക്ക് അറിവില്ല. മാത്രവുമല്ല കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇതു സംബന്ധിച്ച് കേരളം ഭരണപരമായും, നിയമപരമായും സ്വീകരിച്ചിട്ടുള്ള എല്ലാ നടപടികളിലും ഇടതുപക്ഷത്തിന്റെ അഭിപ്രായം പുതിയ അണക്കെട്ട് എന്നു തന്നെയായിരുന്നു. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംയുക്തമായി സമര്‍പ്പിച്ച നിവേദനത്തിലും പുതിയ അണക്കെട്ട് എന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്. ഈ നിവേദനസംഘത്തില്‍ അന്നത്തെ പ്രതിപക്ഷ നേതാവ് ശ്രീ. വി.എസ്.അച്ചുതാനന്ദനും അംഗമായിരുന്നു. മുഖ്യമന്ത്രിയുടെ ഇന്നത്തെ നിലപാടു മാറ്റം ഇതു സംബന്ധിച്ച സുപ്രീം കോടതി കേസുകളെയും പ്രതികൂലമായി ബാധിക്കുന്നതാണ്. ഇത് കേരളത്തിന്റെ താല്‍പ്പര്യങ്ങളെ ബലി കഴിക്കുന്നതാണ്. ഏകപക്ഷീയമായ മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന തമിഴ്‌നാടിന് സുപ്രീം കോടതിയില്‍ ആയുധമാവും. ഇത് കൊടിയ വഞ്ചനയാണ്.

ശനിയാഴ്ച ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലാണെന്ന മട്ടിലെ ആശങ്ക അസ്ഥാനത്താണെന്നും പരിശോധനകളില്‍ ഇക്കാര്യം വ്യക്തമായതാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഡാമിനെ കുറിച്ചുള്ള പഠനങ്ങളിലെല്ലാം ആശങ്ക വേണ്ടെന്ന നിഗമനമാണ് ലഭിച്ചത്. ഈ റിപ്പോര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. അതിന്മേല്‍ വീണ്ടുമൊരു പരിശോധന ആവശ്യമാണ്. മുല്ലപ്പെരിയാര്‍ വിഷയം വിവാദമാക്കുന്നതു കൊണ്ടോ വികാര പ്രകടനങ്ങള്‍കൊണ്ടോ പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും പിണറായി ചൂണ്ടിക്കാട്ടിയിരുന്നു.

Share this news

Leave a Reply

%d bloggers like this: