അയര്‍ലന്‍ഡിനെ വാട്ടര്‍ ചാര്‍ജില്‍ നിന്നൊഴിവാക്കില്ലെന്ന് യൂറോപ്യന്‍ കമ്മീഷന്‍ സ്ഥിരീകരിച്ചു

ഡബ്ലിന്‍: വാട്ടര്‍ ചാര്‍ജ് ഇനി പിന്‍വലിക്കുന്നത് യൂറോപ്യന്‍ നിയമത്തിന്റെ ലംഘനമാകുമെന്നും അയര്‍ലഡിന് വാട്ടര്‍ ചാര്‍ജിന്റെ കാര്യത്തില്‍ ഇളവു നല്‍കുക ഇനി പ്രായോഗികമല്ലെന്നും യൂറോപ്യന്‍ കമ്മീഷന്‍ സ്ഥിരീകരിച്ചു. വാട്ടര്‍ ചാര്‍ജും മീറ്ററിംഗ് നടപടികളും നേരത്തേ ഏര്‍പ്പെടുത്തിയതിനാലാണ് ഇളവ് നല്‍കാനാകാത്തത്. വാട്ടര്‍ ചാര്‍ജ് ഏര്‍പ്പെടുത്തിയ അംഗങ്ങള്‍ക്ക് 9(4) ാം വകുപ്പ് പ്രകാരം ഇളവ് നല്‍കുന്നത് നിയമവിരുദ്ധമാണ്. പരിസര മലിനീകരണത്തിന് പിഴയീടാക്കത്തതും വാട്ടര്‍ സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്താതിരിക്കുന്നതും ചട്ട വിരുദ്ധമാണ്. നേരത്തേ അയര്‍ലന്‍ഡിന് ലഭ്യമായിരുന്ന വാട്ടര്‍ ചാര്‍ജ് ഇളവ് ഇനി ലഭ്യമാകില്ലെന്ന് ഇതോടെ വ്യക്തമായി. ഇക്കാര്യത്തില്‍ യൂറോപ്യന്‍ കമ്മീഷന്റെ ഭാഗത്തു നിന്ന് ആദ്യമായാണ് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരിക്കുന്നത്.

ഇപ്പോള്‍ നിലവിലുള്ള വാട്ടര്‍ ചാര്‍ജ് അയര്‍ലന്‍ഡിലെ സ്ഥിരം വാട്ടര്‍ ചാര്‍ജ് ഈടാക്കല്‍ സംവിധാനമായി തുടരുമോ ഇല്ലയൊ എന്നതു സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. സിന്‍ ഫിന്‍ എംഇപി ലിന്‍ ബോയ്‌ലാന്റെ ചോദ്യത്തിനു മറുപടിയായി പാര്‍ലമെന്റില്‍ യൂറോപ്യന്‍ കമ്മീഷന്‍ ഇതു സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചു. 2000 ത്തിലാണ് വാട്ടര്‍ഫ്രെയിം വര്‍ക്ക് ഡയറക്ടീവ് നിലവില്‍ വന്നത്. ഇതിലെ വകുപ്പ് 9(4) പ്രകാരമാണ് വാട്ടര്‍ ചാര്‍ജില്‍ ഇളവ് നല്‍കാനാകുക. എന്നാല്‍ നിലവില്‍ മലിനീകരണത്തിന് പിഴ ചുമത്തുകയും വാട്ടര്‍ ചാര്‍ജ് ഏര്‍പ്പെടുത്തുകയും ചെയ്യുന്ന സ്ഥിതി നിലവിലുണ്ടെങ്കില്‍ വാട്ടര്‍ ചാര്‍ജില്‍ പിന്നീട് ഇളവു നല്‍കാനാകില്ല. 2010 വരെ എല്ലാ അംഗങ്ങള്‍ക്കും വാട്ടര്‍ സര്‍വീസിന് തുക ഈടാക്കുന്നതിന് സംവിധാനമേര്‍പ്പെടുത്താന്‍ ഡയറക്ടീവ് നിര്‍ദേശിച്ചിരുന്നു. ഇതില്‍ ജലസംരക്ഷണത്തിനും മലിനീകരണം കുറയ്ക്കുന്നതിനുമുള്ള നടപടികള്‍ ഉള്‍പ്പെടുത്താനും നിര്‍ദേശിച്ചിരുന്നു.

യൂറോപ്യന്‍ കമ്മീഷന്‍ നിലപാട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വിവിധ ഐറിഷ് രാഷ്ട്രീയ നേതാക്കള്‍ തര്‍ക്കമുന്നയിച്ചിരുന്നു. ബോയ്‌ലാനും ഫിയാന ഫാള്‍ ടിഡി ബാരി കൊവെനും നിലവിലെ വാട്ടര്‍ ചാര്‍ജ് സംവിധാനം അയര്‍ലന്‍ഡിലെ സ്ഥിര സംവിധാനമല്ലെന്ന് വാദിച്ചിരുന്നു. 2010 ല്‍ അന്നത്തെ എംഇപിയായിരുന്ന അലന്‍ കെല്ലിയുടെ ചോദ്യത്തിനു മറുപിടിയായി കമ്മീഷന്‍ നല്‍കിയ ഉത്തരവും കൊവെന്‍ ഉന്നയിക്കുന്നു. 2003 ലെ ഡയറക്ടീവ് പ്രകാരം പൊതുനികുതി വഴിയാണ് വാട്ടര്‍ ചാര്‍ജ് ഈടാക്കിയിരുന്നതെന്നും തുടര്‍ന്ന് 2014 ല്‍ നിലവില്‍ വന്ന വാട്ടര്‍ ചാര്‍ജ് സംവിധാനം അയര്‍ലന്‍ഡിലെ സ്ഥിരം സംവിധാനമായി കണക്കാക്കാനാകില്ലെന്നും കൊവെന്‍ പറയുന്നു. എന്നാല്‍ ഒരിക്കല്‍ വാട്ടര്‍ ചാര്‍ജ് സംവിധാനം പ്രാബല്യത്തില്‍ വന്നാല്‍ തിരികെ ഇളവ് നല്‍കുന്ന സംവിധാനത്തിലേക്ക് പോകാന്‍ കഴിയില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കുന്നു. ഇതോടെ വാട്ടര്‍ ചാര്‍ജ് റദ്ദാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടിയുണ്ടായിരിക്കുകയാണ്. പുതിയ കമ്മീഷനും യൂറോപ്യന്‍ നിയമനനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കേണ്ട സ്ഥിതിയാണിപ്പോഴുണ്ടായിരിക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: