കൊന്നൊടുക്കാനുള്ള 8000 പേരുടെ ഹിറ്റ്‌ലിസ്റ്റുമായി ഐഎസ്; ലിസ്റ്റില്‍ അയര്‍ലന്‍ഡുകാരും; പിന്തുടര്‍ന്ന് കൊല്ലണമെന്ന് ആഹ്വാനം

ലണ്ടന്‍: ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ വധിക്കാന്‍ ലക്ഷ്യമിടുന്ന എണ്ണായിരത്തിലധികം പേരുടെ വിവരങ്ങളുള്ള ഹിറ്റ്‌ലിസ്റ്റ് പുറത്തുവിട്ടു. പട്ടികയില്‍ അയര്‍ലന്‍ഡുകാരുടെ പേരുകളും. ഐഎസ് അനുകൂല ഹാക്കര്‍ സംഘടനയായ യുണൈറ്റഡ് സൈബര്‍ കലിഫേറ്റ് (യുസിസി) ആണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. പട്ടികയില്‍ ഭൂരിഭാഗവും യുഎസ് പൗരന്മാരാണ്. ഇവരെക്കൂടാതെ, കാനഡ, ഓസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലെ നിരവധി ആളുകളും പട്ടികയിലുണ്ട്.

8,138 പേരുടെ പട്ടികയില്‍ എല്ലാവരുടെയും പേരും ഇമെയില്‍ വിലാസവും യഥാര്‍ഥ വിലാസവും ലിസ്റ്റിലുണ്ട്. ഇതില്‍ 7,848 പേര്‍ യുഎസ് പൗരന്മാരാണ്. 1,445 പേര്‍ കലിഫോര്‍ണിയയിലും 643 പേര്‍ ഫ്‌ളോറിഡയിലും 341 പേര്‍ വാഷിങ്ടണിലും 333 പേര്‍ വീതം ടെക്‌സസിലും ഇലിനോയിലും 290 പേര്‍ ന്യൂയോര്‍ക്കിലുമാണ് താമസിക്കുന്നത്. കാനഡയില്‍ താമസിക്കുന്ന 312 പേര്‍, ഓസ്‌ട്രേലിയക്കാരായ 69 പേര്‍, യുകെയിലെ 39 പേരുകളും പട്ടികയിലുണ്ട്. ബാക്കിയുള്ളവര്‍ ഫ്രാന്‍സ്, ഇറ്റലി, ബെല്‍ജിയം, സ്വീഡന്‍, ജര്‍മനി, എസ്റ്റോണിയ, ഗ്രീസ്, ബ്രസീല്‍, ഗ്വാട്ടിമാല, ന്യൂസീലാന്‍ഡ്, ദക്ഷിണ കൊറിയ, ജമൈക്ക, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, ഇസ്രയേല്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.

ഈ പട്ടികയിലുള്ളവരെ പിന്തുടര്‍ന്ന് മുസ്‌ലിങ്ങള്‍ക്കുവേണ്ടി കൊലപ്പെടുത്തണമെന്ന് സംഘടനയെ പിന്തുണയ്ക്കുന്നവരോട് യുസിസി ആവശ്യപ്പെടുന്നുണ്ട്. ഇതിനൊപ്പം അറബിയിലും ഇംഗ്ലീഷിലും സന്ദേശമുണ്ട്. അതേസമയം, എന്തുകൊണ്ടാണ് പട്ടികയില്‍ ഉള്ളവരെ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. പട്ടികയിലുള്ള മിക്കവരും സര്‍ക്കാരിലോ സൈന്യത്തിലോ സേവനം ചെയ്യുന്നവരോ പ്രശസ്തരോ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

-എജെ-

Share this news

Leave a Reply

%d bloggers like this: