യേശുദാസിന് പള്ളിപ്പറമ്പില്‍ അന്ത്യവിശ്രമം നിഷേധിക്കുമോ ? പ്രിയങ്കാ ചോപ്രാ വിഷയത്തില്‍ പള്ളിക്കെതിരെ സംവിധായകന്‍ രജ്ഞിത്ത്

കൊച്ചി: ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുടെ മുത്തശി മേരി അഖൗരിയുടെ ശവസംസ്‌കാരം നടത്താന്‍ വിസമ്മതിച്ച യാക്കോബായ സഭയുടെ നടപടി വ്യാപകവിമര്‍ശനത്തിന് വഴിവച്ചിരിക്കുകയാണ്. അന്യമതസ്ഥനെ വിവാഹം ചെയ്തതിന്റെ പേരിലാണ് കുമരകം ആറ്റാമംഗലം യാക്കോബായ പള്ളി അധികൃതര്‍ പളളി സിമിത്തേരിയില്‍ സംസ്‌കാരം നിഷേധിച്ചത്.

സമാനമായ അനുഭവം നടന്‍ അഗസ്റ്റിന്റെ കുടുംബത്തിനും ഉണ്ടായിരുന്നതായി സംവിധായകന്‍ രഞ്ജിത് വെളിപ്പെടുത്തി. ക്ഷേത്രദര്‍ശനം നടത്തിയതിനാല്‍ അഗസ്റ്റിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ കോടഞ്ചേരി പള്ളി അധികൃതര്‍ തയ്യാറായിരുന്നില്ലെന്ന് രഞ്ജിത് ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. ശബരിമലയിലും മൂകാംബികയിലും ദര്‍ശനം നടത്തിയതിന്റെ പേരില്‍ യേശുദാസിനും പള്ളിപ്പറമ്പില്‍ അന്ത്യവിശ്രമം നിഷേധിക്കുമോ എന്നും രഞ്ജിത് ചോദിക്കുന്നു. പ്രിയങ്കാ ചോപ്രയുടെ മുത്തശി എന്ന വിശേഷമുള്ളതിനാലാണ് ഇക്കാര്യം ശ്രദ്ധിക്കപ്പെട്ടതെന്നും രഞ്ജിത് പറയുന്നു.

2013ല്‍ മരണപ്പെട്ട നടന്‍ അഗസ്റ്റിന്‍ മരണത്തിന് തൊട്ടുമുമ്പ് ഒരു ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിനെ മാമോദീസ മുക്കിയ കോടഞ്ചേരി പള്ളിയില്‍ തന്നെ തന്നെ അടക്കം ചെയ്യണമെന്നായിരുന്നു ആഗ്രഹം. മക്കളോടും ഭാര്യ ആന്‍സിയോടും മരണക്കിടക്കയില്‍ വച്ച് ഈ ആഗ്രഹം പറഞ്ഞു. അവര്‍ ഇക്കാര്യം എന്നോട് ഷെയര്‍ ചെയ്തു.

ഞാനും സുഹൃത്തുക്കളും കോടഞ്ചേരി പള്ളിയിലെ വികാരിയുമായി ഇക്കാര്യത്തിനായി ബന്ധപ്പെട്ടു. ഒരു കാരണവശാലും അവിടെ അടക്കം ചെയ്യാനാകില്ലെന്നാണ് വികാരി അറിയിച്ചത്. അഗസ്റ്റിന്‍ മതം മാറിയിട്ടില്ല, അന്യമതസ്ഥയെ വിവാഹം ചെയ്തിട്ടുമില്ല. ഇക്കാര്യത്തില്‍ കോടഞ്ചേരി പള്ളി വികാരിയെ സമീപിച്ച ഞങ്ങളുടെ പൊതുസുഹൃത്തിനോട് വികാരി കാരണമായി പറഞ്ഞത്. അഗസ്റ്റിന്‍ അമ്പലങ്ങളില്‍ പോകാറുണ്ട് അതിനാല്‍ ഈ പള്ളിയില്‍ അടക്കാന്‍ കഴിയില്ല എന്നായിരുന്നു.

ഇക്കാര്യത്തില്‍ തനിക്കുള്ള ആധിയും ഉത്കണ്ഠയും പങ്കുവയ്ക്കുകയാണ്. അഗസ്റ്റിന്‍ പോയ അമ്പലങ്ങള്‍ മൂകാംബികയിലും ശബരിമലയിലുമാണ്. ഈ അമ്പലങ്ങളില്‍ പോകാറുള്ള മലയാളത്തിലെ കലാലോകത്തുള്ള പലരും ജന്മം കൊണ്ട് ക്രിസ്ത്യാനികളായവരാണ്. ഞാന്‍ തുറന്നുപറയാം, ദാസേട്ടന്റെ(യേശുദാസ്)ഒരു വിടവാങ്ങല്‍ ഉണ്ടായാല്‍ ശബരിമലയിലും മൂകാംബികയിലും പോയി എന്നതിന്റെ പേരില്‍ പള്ളിപ്പറമ്പില്‍ അദ്ദേഹത്തിന് അന്ത്യവിശ്രമം നിഷേധിക്കുമോ ഈ മേലധികാരികള്‍. അങ്ങനെ ഉണ്ടാവാതിരിക്കുന്നതിന് മുമ്പ് ഇക്കാര്യത്തിലൊരു സ്വയംവിമര്‍ശനം സഭയുടെ മേലധികാരികള്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു.

പ്രിയങ്കാ ചോപ്രയുടെ മുത്തശ്ശി അന്യമതസ്ഥനെ വിവാഹം ചെയ്തു എന്ന ദോഷം ഉണ്ടെങ്കില്‍ അഗസ്റ്റിന്‍ അങ്ങനെ ആയിരുന്നില്ല. അദ്ദേഹം ആകെ ചെയ്ത തെറ്റുകള്‍ ശബരിമലയിലും മൂകാംബികയിലും പോയി എന്നതാണ്.

-എജെ-

Share this news

Leave a Reply

%d bloggers like this: