കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കും

തിരുവനന്തപുരം: നടന്‍ കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കും. ഡിജിപി ലോക്‌നാഥ് ബെഹ്‌റ യടെ ശുപാര്‍ശയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റേതാണ് തീരുമാനം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. അന്വേഷണത്തിനായുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് കൈമാറി.

മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന സംശയത്തില്‍ ഉറച്ചുനില്‍ക്കുന്നതായും രാമകൃഷ്ണന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. നടപടിയെടുക്കാമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.

ഇക്കഴിഞ്ഞ മാര്‍ച്ച് ആറിനാണ് മണി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഔട്ട് ഹൗസായിരുന്ന ‘പാടി’യില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മണിയുടെ ആന്തരികാവയവങ്ങളില്‍ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്നു കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ ഹൈദരാബാദിലെ കേന്ദ്ര ലാബില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ കീടനാശിനിയുടെ സാന്നിധ്യം തള്ളി. മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു.

കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് സഹോദരനടക്കമുള്ള കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. സംഭവം നടന്ന് മൂന്നുമാസങ്ങള്‍ പിന്നിട്ടെങ്കിലും വ്യക്തമായ നിഗമനത്തിലെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

-എജെ-

Share this news

Leave a Reply

%d bloggers like this: