ജിഷയുടെ അച്ഛന്‍ പാപ്പുവിനെ കാണാനില്ല; ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ സംരക്ഷണയിലെന്ന് റിപ്പോര്‍ട്ട്

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ പിതാവ് പാപ്പുവിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. പാപ്പു കുറുപ്പംപടിയിലെ ചെറുകുന്നത്തെ വീട്ടില്‍ എത്തിയിട്ട് ദിവസങ്ങളായെന്ന് നാട്ടുകാര്‍ പറഞ്ഞു. ദിവസങ്ങളായി വീട്ടില്‍ എത്താത്ത പാപ്പുവിനെ തേടി പോലീസ് അലയുമ്പോഴാണ് അദ്ദേഹത്തെ കാണാനില്ലെന്ന റിപ്പോര്‍ട്ടുകള്‍. മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരക്കലിനൊപ്പമാണ് പാപ്പുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് നേതൃത്വം നല്‍കുന്ന എ.ഡി.ജി.പി സന്ധ്യ ആവശ്യപ്പെട്ടാല്‍ പാപ്പുവിനെ ഹാജരാക്കുമെന്ന് ജോമോണ്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജിഷയുടെ പിതാവ് കോണ്‍ഗ്രസ് നേതാവ് പി.പി തങ്കച്ചനാണെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെ പാപ്പു പോലീസില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ പരാതി തന്റെ അറിവോടെയല്ലെന്നും അശമന്നൂര്‍ പഞ്ചായത്ത് അംഗം അനിലും പോലീസുകാരനായ വിനോദും തന്നെ തെറ്റിദ്ധരിപ്പിച്ച് വെള്ളപ്പേപ്പറില്‍ ഒപ്പിട്ടു വാങ്ങുകയായിരുന്നെന്ന് പാപ്പു വെളിപ്പെടുത്തിയിരുന്നു. തന്റെ പേരില്‍ വ്യാജ പരാതി നല്‍കിയതിനെതിരെ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കാനെത്തിയപ്പോള്‍ ജോമോനൊപ്പം പാപ്പുവും ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് പാപ്പുവിനെ കാണാതായത്.

എറണാകുളം ഗസ്റ്റ് ഹൗസില്‍ ജോമോനും പാപ്പുവും ഏതാനും ദിവസങ്ങള്‍ താമസിച്ചിരുന്നതായി പറയപ്പെടുന്നു. ഇതിനു ശേഷമായിരുന്നു ഡിജിപിയെ കാണാന്‍ ഇരുവരും തിരുവനന്തപുരത്തെത്തിയത്. നിലവില്‍ പാപ്പു ജോമോന്റെ സംരക്ഷണയിലാണെന്നാണ് നാട്ടുകാരുടെയും പോലീസിന്റെയും അനുമാനം.

-എജെ-

Share this news

Leave a Reply

%d bloggers like this: