ജിഷ വധം: അന്വേഷണം വഴിമുട്ടുന്നത് ആദ്യ അന്വേഷണ സംഘത്തിന്റെ വീഴ്ച മൂലം: കുറുപ്പംപടി പോലീസിന്റെ വീഴ്ചകള്‍ പ്രത്യേക സംഘം അന്വേഷിക്കും

ആലുവ: പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി കൈയെത്തും ദൂരത്തെന്നു തോന്നിപ്പിക്കുന്നതരത്തില്‍ അന്വേഷണം പുരോഗമിക്കുമ്പോഴും ദുരൂഹതയുടെ ചുരുളഴിക്കാനാകാതെ പോലീസ്. യഥാര്‍ഥ പ്രതിയിലേക്ക് എത്തേണ്ട സാഹചര്യ തെളിവുകളില്‍ പ്രധാനപ്പെട്ടതെല്ലാം നഷ്ടമായതിനാല്‍ കേസ് ആദ്യം അന്വേഷിച്ച കുറുപ്പംപടി പോലീസിന്റെ വീഴ്ചകള്‍ പരിശോധിക്കാന്‍ പ്രത്യേകം സംഘത്തെ ചുമതലപ്പെടുത്തിയതായി സൂചന. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷവിമര്‍ശനത്തിനു പുറമേ ലോക്കല്‍ പോലീസിനെതിരേ ജിഷയുടെ പിതാവ് പാപ്പുവിന്റെ കൂടി പരാതി കണക്കിലെടുത്തതാണ് നടപടി.

കേസില്‍ സ്വീകരിക്കേണ്ട അടിയന്തിര നടപടികള്‍ കുറുപ്പംപടി പോലീസ് കൈക്കൊണ്ടിരുന്നില്ലായെന്നു പരാതി ഉയര്‍ന്നിരുന്നു. കൊല്ലപ്പെട്ട ജിഷയുടെയും മാതാവ് രാജേശ്വരിയുടെയും പരാതി പോലീസ് പരിഗണിച്ചിരുന്നില്ലെന്നും എതിര്‍കക്ഷികളെ വിളിച്ചുവരുത്തി പരിഹാരം ഉണ്ടാക്കാന്‍ പോലീസ് ശ്രമിച്ചിരുന്നില്ലായെന്നും കണ്ടെത്തിയിരുന്നു.

കൊലപാതകത്തിനുശേഷം പോലീസ് കൈക്കൊണ്ട പല നടപടികളും ദുരൂഹമായ ഈ കേസിന്റെ ഇപ്പോഴത്തെ അന്വേഷണങ്ങള്‍ക്ക് തടസമായിരിക്കുകയാണ്. ആദ്യഘട്ടത്തിലെ അന്വേഷണ വീഴ്ചകളെക്കുറിച്ച് ആഭ്യന്തരവകുപ്പിന് നേരത്തെ ബോധ്യമായിരുന്നെങ്കിലും പോലീസിനെതിരേ കൂടുതല്‍ പരാതികള്‍ ഉയരാന്‍ തുടങ്ങിയതോടെ നടപടിക്ക് മുതിരാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മൃതദേഹം തിടുക്കത്തില്‍ ദഹിപ്പിക്കാന്‍ മുന്‍കൈയെടുത്തതും വിവാദമായിരുന്നു. ഇത് റീ പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സാഹചര്യം ഇല്ലാതാക്കിയെന്നും ആരോപണമുണ്ട്.

കൊല നടന്ന വീടും പരിസരവും സീല്‍ ചെയ്യാനും പോലീസ് ജാഗ്രത കാട്ടിയില്ല. സംഭവം നടന്ന് അഞ്ചു ദിവസത്തിനു ശേഷമാണു യഥാര്‍ഥ കൃത്യം പുറംലോകമറിയുന്നതുതന്നെ. പോലീസ് ഇതു ബോധപൂര്‍വം മറച്ചുവയ്ക്കുകയായിരുന്നുവെന്നാണ് മറ്റൊരു ആക്ഷേപം. കൊലപാതകം നടന്ന വീട് സീല്‍വയ്ക്കാത്തതുമൂലം ബലപ്പെട്ട പല തെളിവുകളും നശിപ്പിക്കപ്പെടാന്‍ ഇടയായിട്ടുണ്ട്. തെളിവുകളെല്ലാം നഷ്ടമാകുകയും ജിഷവധം കൂടുതല്‍ വിവാദമാകുകയും ചെയ്തതിനു പിന്നാലെ സംഭവം നടന്ന് 15 ദിവസങ്ങള്‍ കഴിഞ്ഞാണ് വീട് ബന്തവസാക്കിയതും പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയതെന്നും പിതാവ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

കേസന്വേഷണത്തിന്റെ ഈ വീഴ്ചയെത്തുടര്‍ന്ന് എഡിജിപി കെ.പത്മകുമാര്‍, റൂറല്‍ എസ്പി യതീഷ് ചന്ദ്ര അടക്കമുള്ള പ്രത്യേക സംഘത്തെത്തന്നെ മാറ്റിയിരുന്നു. കേസന്വേഷണത്തിന്റെ കൃത്യവിലോപം വരുത്തിയ പെരുമ്പാവൂര്‍ ഡിവൈഎസ്പി അനില്‍കുമാര്‍, കുറുപ്പംപടി സിഐ കെ.എന്‍. രാജേഷ് എന്നിവരെയും അന്വേഷണ സംഘത്തില്‍ നിന്നും നീക്കിയിരുന്നു. എന്നാല്‍, ആദ്യ അന്വേഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഡിവൈഎസ്പി, സിഐ, എസ്‌ഐ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് ജിഷയുടെ പിതാവിന്റെ ആവശ്യം. ഇവരില്‍ കുറുപ്പംപടി എസ്‌ഐ സോണി മത്തായി തുടരുന്നതിനെതിരെയും പിതാവ് പരാതിപ്പെട്ടിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: