അഞ്ചു വര്‍ഷത്തിനുള്ളില്‍ 50000 പുതിയ വീടുകള്‍ നിര്‍മിക്കാന്‍ ശുപാര്‍ശ

അയര്‍ലന്റിലെ ഭവനമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി അടുത്ത അഞ്ചു വര്‍ഷത്തിനകം 50000 വീടുകള്‍ നിര്‍മിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച ഡോള്‍ ഹൗസിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തു. മോര്‍ട്ട്‌ഗേജ് എടുത്ത് ജപ്തി നടപടികള്‍ നേരിടുന്നവരുടെ മേലുള്ള നിയമനടപടികള്‍ തല്‍ക്കാലം നിര്‍ത്തിവെച്ച് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍ നടപ്പിലാക്കപ്പെടുന്ന കാലം വരെ അവരെ അതാതിടങ്ങളില്‍ തുടരാന്‍ അനുവദിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിച്ചു.
വാടകയ്ക്ക് വീടെടുക്കുന്നവര്‍ക്കും വീടില്ലാത്തവര്‍ക്കും നല്‍കുന്ന സഹായധനം വര്‍ധിപ്പിക്കുക, ഹൗസിങ് ഏജന്‍സി, നാഷണല്‍ ട്രഷറി മാനേജ്‌മെന്റ് ഏജന്‍സി, ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റ്, ധനകാര്യവകുപ്പ് എന്നിവയില്‍ നിന്നുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി ഭവനപ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതികളില്‍ തദ്ദേശസ്ഥാപനങ്ങളെ സഹായിക്കുന്നതിനായി ഒരു ഹൗസിങ് പ്രൊക്യുവര്‍മെന്റ് ഏജന്‍സി സ്ഥാപിക്കുക, ഭവനനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഓഫ് ഷീറ്റ് ബാലന്‍സ് വഴി കൂടുതല്‍ തുക വകയിരുത്തുക, നിര്‍മാണപ്രവൃത്തികള്‍ക്ക് അനുമതി നല്‍കാനുള്ള കാലയളവ് എട്ടുമാസത്തില്‍ നിന്ന് ആറുമാസമാക്കി കുറയ്ക്കുക തുടങ്ങിയവയാണ് ജോണ്‍ കുറാന്‍ ചെയര്‍മാനായ കമ്മിറ്റിയുടെ മറ്റ് പ്രധാന ശുപാര്‍ശകള്‍.
രാജ്യത്ത് 1054 കുടുംബങ്ങളിലായി 2177 കുട്ടികള്‍ ഭവനരഹിതരായുണ്ടെന്നാണ് മേയ് മാസത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എമര്‍ജന്‍സി അക്കോമഡേഷന്‍ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ ഒരു വര്‍ഷത്തിനകം 79 ശതമാനവും കുടുംബങ്ങളുടെ എണ്ണത്തില്‍ 86 ശതമാനവും വര്‍ധനവാണ് ഉണ്ടായത്. 913 കുടുംബങ്ങളില്‍ നിന്നായി 1847 കുട്ടികള്‍ എമര്‍ജന്‍സി അക്കോമഡേഷനിലുള്ള ഡബ്ലിനാണ് ഇതില്‍ ഏറ്റവും മുന്നില്‍.

                                                                                                                                                                                            _sk_

Share this news

Leave a Reply

%d bloggers like this: