ഹിലരി ക്ലിന്റണ്‍ ഇന്ത്യന്‍ നേതാക്കളില്‍ നിന്ന് പണം വാങ്ങിയെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: യുഎസ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളില്‍ നിന്നും ഫണ്ടുകള്‍ സ്വീകരിച്ചെന്ന ആരോപണവുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ- യുഎസ് ആണവ കരാറിന് അനുകൂലമായി വോട്ട് ചെയ്യുന്നതിന് ഹിലരിയും അവരുടെ ഫാമിലി ട്രസ്റ്റായ ക്ലിന്റണ്‍ ഫൗണ്ടേഷനും ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ നിന്ന് ഫണ്ട് സ്വീകരിച്ചതെന്നാണ് ട്രംപിന്റെ ആരോപണം.

ക്ലിന്റണ്‍ ഫൗണ്ടേഷനായി 2008 ല്‍ ഇന്ത്യന്‍ രാഷ്ട്രീയ നേതാവായ അമര്‍ സിംഗ് 10,00,001 യുഎസ് ഡോളറും പിന്നീട് 5,000,000 ഡോളറും നല്‍കിയതായെന്നാണ് ട്രംപിന്റെ ആരോപണമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 35 പേജുള്ള ലഘുലേഖയാണ് ഇതുമായി ബന്ധപ്പെട്ട് ട്രംപിന്റെ ക്യാമ്പ് പുറത്തുവിട്ടത്. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളും സ്ഥാപനങ്ങളും ആണവ കരാറിനെ സ്വാധീനിക്കാന്‍ ഹിലരിയുടെ ഫാമിലി ഫൗണ്ടേഷന് വഴിവിട്ട് സഹായധനം നല്‍കിയെന്നാണ് ആരോപണം. ലഘുലേഖയില്‍ പണം നല്‍കിയവരുടെ വിശദാംശങ്ങളുമുണ്ടെന്നാണ് ട്രംപ് ക്യാമ്പ് പറയുന്നത്.

2008 ല്‍ അമര്‍സിംഗ് അമേരിക്ക സന്ദര്‍ശിച്ചതായും സിവില്‍ ന്യൂക്ലിയര്‍ സാങ്കേതിക വിദ്യ ഇന്ത്യക്ക് സ്വന്തമാക്കാനായി പലരേയും സ്വാധീനിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും സംഭാവന നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മാത്രമല്ല ക്ലിന്റന്റെ ചീഫ് ഓഫ് സ്റ്റാഫായ ചെറില്‍ മില്‍സിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഇന്ത്യന്‍-അമേരിക്കന്‍ വംശജനായ രാജ് ഫെര്‍ണാഡോയെ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഉപദേശക സമിതിയിലേക്ക് നിയമിച്ചുവെന്നും ഇതിന് രാജ് ഫെര്‍ണാഡോ 50 ലക്ഷം ഡോളര്‍ ക്ലിന്റണ്‍ ഫൗണ്ടേഷനിലേക്ക് നല്‍കിയെന്നും ആരോപണമുണ്ട്.

അതേസമയം ഈ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് നേരത്തേ പറഞ്ഞിട്ടുള്ളതാണെന്ന് ഹിലരി പക്ഷം വ്യക്തമാക്കി.

-എജെ-

Share this news

Leave a Reply

%d bloggers like this: