ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ തിരുവനന്തപുരം സ്വദേശിയടക്കം എട്ടു ജവാന്മാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാംപോറില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളിയും. സി.ആര്‍.പി.എഫ് 161ാം ബറ്റാലിയനില്‍ സബ് ഇന്‍സ്‌പെക്ടറായ തിരുവനന്തപുരം സ്വദേശി ജയചന്ദ്രനാണ് കൊല്ലപ്പെട്ടത്.

പാംപോറില്‍ സിആര്‍പിഎഫ് സംഘത്തിന്റെ വാഹനവ്യൂഹത്തിനു നേരെ ഇന്നലെ നടന്ന ഭീകരാക്രമണത്തില്‍ എട്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇരുപതിലേറെ സൈനികര്‍ക്കു പരുക്കുണ്ട്. പ്രത്യാക്രമണത്തില്‍ രണ്ടു ഭീകരരെ വധിച്ചതായി സുരക്ഷാസേന അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കറെ തയിബ ഏറ്റെടുത്തു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്പുല്‍വാമ ജില്ലയില്‍ ശ്രീനഗര്‍ – ജമ്മു ദേശീയപാതയിലാണ് സംഭവം. ഫയറിങ് റേഞ്ചിലെ പരിശീലനം കഴിഞ്ഞ് 40 സൈനികരുമായി ശ്രീനഗറിലേക്ക് പോകുകയായിരുന്ന ബസിനു നേരേ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. കാറിലെത്തിയ നാലു ഭീകരരാണ് ആക്രമണം നടത്തിയത്. രണ്ടു പേര്‍ രക്ഷപ്പെട്ടു. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്

സിആര്‍പിഎഫ്, പൊലീസ് അധികൃതര്‍ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കൂടുതല്‍ ഭീകരര്‍ ആക്രമണസംഘത്തിലുള്ളതായി സംശയമുണ്ടെന്നും പ്രദേശത്ത് സൈന്യം തിരച്ചില്‍ നടത്തുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

വീരമൃത്യുവരിച്ച സിആര്‍പിഎഫ് ജവാന്‍മാരുടെ ധൈര്യത്തെ സല്യൂട്ട് ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിനു വേണ്ടിയുള്ള അര്‍പ്പണബോധത്തെ നമിക്കുന്നു. അവരുടെ വിയോഗത്തില്‍ വേദനിക്കുന്നുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രിയും ജവാന്‍മാരുടെ മരണത്തില്‍ അനുശോചിച്ചു. ജവാന്‍മാരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് പറഞ്ഞ മന്ത്രി പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞു.

മൂന്നാഴ്ചയ്ക്കിടെ കശ്മീരില്‍ സൈനികവാഹനത്തിനുനേരേ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ജൂണ്‍ മൂന്നിന് നടന്ന ആക്രമണത്തില്‍ രണ്ടുസൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ, കഴിഞ്ഞ ദിവസങ്ങളില്‍ കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ ഏഴു ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിആര്‍പിഎഫ് സംഘത്തിനു നേരെ ആക്രമണമുണ്ടായത്.

-എജെ-

Share this news

Leave a Reply

%d bloggers like this: