ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിസ അനുവദിക്കരുതെന്ന് യുഎസ് സെനറ്റ് അംഗം

വാഷിങ്ടന്‍: ഇന്ത്യയുള്‍പ്പെടെ 23 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസില്‍ പ്രവേശിക്കാനുള്ള വിസ നല്‍കരുതെന്ന് യുഎസ് സെനറ്റിലെ മുതിര്‍ന്ന അംഗം ആവശ്യപ്പെട്ടു. കുടിയേറ്റ, കുടിയേറ്റ രഹിത വിസകള്‍ ഇവര്‍ക്ക് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ചക്ക് ഗ്രാസ്‌ലെയാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ജെ. ജോണ്‍സന് കത്ത് എഴുതിയത്.

കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്ത ക്രിമിനലുകള്‍ നിരന്തരം ജയിലില്‍ നിന്ന് ഇറങ്ങുന്നു. 2015 ല്‍ മാത്രം 2,166 പേരാണ് യുഎസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞു പുറത്തെത്തിയത്. അതിനു രണ്ടുവര്‍ഷം മുന്‍പ് ശിക്ഷ കഴിഞ്ഞിറങ്ങിയ ആളുകളും വരെ ഇവിടെയുണ്ട്. ഇത് ഏകദേശം 6,100 വരും. ഇവരെ സ്വന്തം രാജ്യം തിരികെ സ്വീകരിക്കുന്നില്ല. ഇക്കാര്യത്തില്‍ രാജ്യങ്ങള്‍ സഹകരിക്കുന്നില്ലെന്നും സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ഗ്രാസ്‌ലെ അറിയിച്ചു.

സഹകരണമില്ലാത്തവയായി നിലവില്‍ 23 രാജ്യങ്ങളുടെ പേരാണ് യുഎസ് പട്ടികയില്‍ ഉള്ളത്. ക്യൂബ, ചൈന, സൊമാലിയ, ഇന്ത്യ, ഘാന എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. ഇതുകൂടാതെ, മറ്റ് 62 രാജ്യങ്ങളിലെ പൗരന്മാരെയും യുഎസ് ഇമിഗ്രേഷന്‍സ് ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് നിരീക്ഷിക്കുന്നുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: