അയര്‍ലണ്ട് വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ 900 ശതമാനത്തിന്റെ റെക്കോര്‍ഡ് വര്‍ധന

അയര്‍ലണ്ട് വിസയ്ക്കുള്ള അപേക്ഷകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയെന്ന് റിപ്പോര്‍ട്ട്. അപേക്ഷകരുടെ എണ്ണത്തില്‍ 900 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നാണ് കണക്കൂകള്‍ സൂചിപ്പിക്കുന്നത്. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകാന്‍ തീരുമാനിച്ചതും ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വവുമാണ് അയര്‍ലണ്ടിലേക്ക് കുടിയേറി പാര്‍ക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി പറയപ്പെടുന്നത്.

യൂറോപ്യന്‍ യൂണിയന്‍ പൗരത്വം നഷ്ടപ്പെടുന്നതോടെ ഇതുവരെ തങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്ന സൗകര്യങ്ങള്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയുള്ളവരാണ് ഐറിഷ് പൗരത്വത്തിന് അപേക്ഷിച്ചിരിക്കുന്ന ബ്രീട്ടീഷ് പൗരന്മാരില്‍ ഭൂരിഭാഗം പേരും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള എക്കണോമിക് കുടിയേറ്റക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പ്രവേശനം കൂടി കണക്കിലെടുത്താണ് ഇവര്‍ അയര്‍ലണ്ടിലെത്തുന്നത്.

ബ്രക്‌സിറ്റിന് ശേഷം ബ്രിട്ടണ്‍ വിടാനൊരുങ്ങുന്ന കമ്പനികളും അയര്‍ലണ്ടിനെ ലക്ഷ്യമിടുന്നുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടണിന് പുറമെ ഇംഗ്ലീഷ് സംസാരിക്കുന്ന ഏക രാജ്യമാണ് അയര്‍ലണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനിടെ മൂന്ന് മില്യണ്‍ യൂറോപ്യന്‍ പൗരന്മാര്‍ അയര്‍ലണ്ടിലേക്കെത്തുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കുടിയേറ്റക്കാരുടെ ഈ കുത്തൊഴുക്ക് രാജ്യത്ത് അസ്വസ്ഥതകള്‍ സൃഷ്ടിക്കുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.

അയര്‍ലണ്ടില്‍ ഇപ്പോള്‍ തന്നെ ആവശ്യത്തിന് താമസ സൗകര്യം ലഭിക്കാത്ത അവസ്ഥ നിലവിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല വലിയ വാടകയാണ് നല്‍കേണ്ടിവരുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിക്കുന്നത് വാടകയില്‍ വന്‍വര്‍ധന ഉണ്ടാകുന്നതിനും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് അനുഭവപ്പെടുന്നതിനും കാരണമാകുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

-sk-

Share this news

Leave a Reply

%d bloggers like this: