ബ്രക്‌സിറ്റ്: എന്റാ കെനി ഇന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ നേതാക്കളുമായി ചര്‍ച്ച നടത്തും

അയര്‍ലണ്ട് പ്രധാനമന്ത്രി എന്റാ കെനി ഇന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ നേതാക്കളുമായി ചര്‍ച്ച നടത്തും. ബ്രക്‌സിറ്റ് ഹിതപരിശോധന ഫലത്തെക്കുറിച്ചാവും അദ്ദേഹം നേതാക്കളുമായി ചര്‍ച്ച നടത്തുക. ഡബ്ലിന്‍ സിറ്റിയില്‍ വെച്ച് നടക്കുന്ന ചര്‍ച്ചയില്‍ നേര്‍ത്തേണ്‍ ഫസ്റ്റ് മിനിസ്റ്ററും ഫസ്റ്റ് ഡപ്യൂട്ടി മിനിസ്റ്ററും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ അനുകൂലിക്കുന്ന ബ്രക്‌സിറ്റ് ഫലം പുറത്തുവന്നതിന് ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളിലെയും മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടും സ്‌കോട്ട്‌ലന്റും ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ എതിര്‍ത്താണ് ഹിതപരിശോധനയില്‍ വോട്ട് ചെയ്തിരുന്നത്.

ഇംഗ്ലണ്ടും വേല്‍സും യൂറോപ്യന്‍ യൂണിയന്‍ വീടാനുള്ള ബ്രിട്ടന്റെ തീരുമാനത്തെ അനുകൂലിച്ചും വോട്ട് ചെയ്തു. ഏറെ നാളത്തെ പ്രചരണങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും ശേഷം ജൂണ്‍ 23 നാണ് ലോക ശ്രദ്ധ നേടിയ ഹിതപരിശോധന നടന്നിരുന്നത്. ഹിതപരിശോധന ഫലം പുറത്ത് വന്നതിന് ശേഷം റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടിലെയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെയും ജനങ്ങളുടെ സ്വതന്ത്ര സഞ്ചാരം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു നടന്നിരുന്നത്.

ഇരു രാജ്യങ്ങളിലെയും രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ ബ്രക്‌സിറ്റിന് ശേഷമുള്ള വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു ഫോറം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് എന്റാ കെനി പ്രതീക്ഷിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് നേതാക്കളുടെ പിന്തുണയുണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

-sk-

Share this news

Leave a Reply

%d bloggers like this: