കോര്‍ക്കില്‍ തെരുവിലുറങ്ങുന്നവരുടെ എണ്ണം 1000% വര്‍ധിച്ചു

കോര്‍ക്കില്‍ തെരുവിലുറങ്ങുന്നവരുടെ എണ്ണത്തില്‍ എക്കാലത്തെയും വലിയ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ 1000 ശതമാനത്തിന്റെ വര്‍ധനയാണ് ഇവരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. 2011 ല്‍ 38 പേരാണ് തെരുവില്‍ ഉറങ്ങിയിരുന്നതെങ്കില്‍ കഴിഞ്ഞവര്‍ഷം 345 പേരാണ് തെരുവില്‍ ഉറങ്ങിയിരിക്കുന്നത്. കോര്‍ക്ക് സൈമണ്‍ കമ്മിറ്റിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ അടങ്ങിയിട്ടുള്ളത്.

1300 ഭവന രഹിതര്‍ക്കാണ് ചാരിറ്റി കഴിഞ്ഞ വര്‍ഷം അഭയം നല്‍കിയിരുന്നത്. തങ്ങളുടെ സേവനത്തിന്റെ ആവശ്യം ഇപ്പോള്‍ വര്‍ധിച്ചിരിക്കുകയാണെന്ന് ചാരിറ്റി അധികൃതര്‍ പറഞ്ഞു. ചാരിറ്റിയുടെ എമര്‍ജന്‍സി ഷെല്‍റ്ററില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും ആള്‍ക്കാരാണ് ഇപ്പോള്‍ താമസിക്കുന്നതെന്നും 44 പേര്‍ക്ക് കിടക്കാന്‍ സൗകര്യമുള്ളിടത്ത് ഇപ്പോള്‍ 50 പേര്‍ താമസിക്കുന്നുണ്ടെന്നും കോര്‍ക്ക് സൈമണ്‍ കമ്മിറ്റിയുടെ ഡയറക്ടര്‍ അറിയിച്ചു.

കോര്‍ക്കിലെ ഷെല്‍റ്ററുകളില്‍ ഒരു ദിവസം ശരാശരി 46 പേരാണ് കഴിയുന്നതെന്നും കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ശരാശരിയാണിതെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഇത്തരത്തില്‍ ഉണ്ടായിരുന്നതെന്നും രാത്രികളില്‍ നിരവധിപ്പേരാണ് സഹായം ചേദിച്ച് വിളിക്കാറുണ്ടായിരുന്നതെന്നും ഡയറക്ടര്‍ അറിയിച്ചു.

രാജ്യത്ത് താമസം സൗകര്യം ലഭിക്കുന്നത് വലിയ വെല്ലുവിളിയാണെന്നും വാടകയ്ക്കും സ്വന്തമായി വാങ്ങുന്നതിനും വീടുകള്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വര്‍ഷം 200 പേരാണ് തെരുവില്‍ ഉറങ്ങുന്നതായി കണ്ടെത്തിയിരിക്കുന്നതെന്നും ഈ വര്‍ഷം അവസാനത്തോടെ ഇവരുടെ എണ്ണം 400 ല്‍ എത്തുമെന്നാണ് കരുതപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

-sk-

Share this news

Leave a Reply

%d bloggers like this: