ഗര്‍ഭച്ഛിത്ര ബില്ലിനെ അനുകൂലിക്കുന്ന മന്ത്രിമാരെ പുറത്താക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്

അപകടകരമായ സാഹചര്യങ്ങളില്‍ ഗര്‍ഭച്ഛിത്രം നടത്താന്‍ അനുവദിക്കുന്ന ബില്ലിനെ പിന്തുണയ്ക്കുമെന്നറിയിച്ച മന്ത്രിമാരെ പുറത്താക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. മന്ത്രിമാരായ ഷെയ്ന്‍ റോസ്, ഫിനിയന്‍ മക്ഗ്രാത്ത്, ജൂനിയര്‍ മിനിസ്റ്റര്‍ ജോണ്‍ ഹല്ലിഗണ്‍ എന്നിവരാണ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്ന് അറിയിച്ചിരുന്നത്. വ്യാഴാഴ്ചയാണ് ബില്‍ സഭയില്‍ അവതരിപ്പിക്കുക.

അതേസമയം ബില്ലിനെ എതിര്‍ത്ത് എന്റാ കെനിയും രംഗത്തെത്തി. ബില്ലില്‍ മന്ത്രിമാരെല്ലാം ഒരേ അഭിപ്രായത്തിലെത്തണമെന്നാണ് അദ്ദേഹം അറിയിച്ചത്. സ്വതന്ത്ര ടി ഡിമാരായ കെവിന്‍ ബോക്‌സര്‍, ഷോണ്‍ കാനി എന്നിവര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. വിഷയത്തില്‍ സഭയില്‍ വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നതിനെതിരെ നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

പാര്‍ട്ടികള്‍ വ്യത്യസ്തമാണെങ്കിലും മന്ത്രിമാര്‍ ഒരുമിച്ച് നില്‍ക്കണമെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ എല്ലാ മന്ത്രിമാരും ഒരുപോലെ അംഗീകരിക്കണമെന്നും രാഷ്ട്രീയ നിരീക്ഷകനായ വിന്‍സന്റ് ബ്രൗണ്‍ അറിയിച്ചു. എന്നാല്‍ ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടത്തിന് വോട്ട് ചെയ്യാന്‍ അനുവാദമുണ്ടെന്നായിരുന്നു മന്ത്രി ഷെയ്ന്‍ റോസിന്റെ പ്രതികരണം. ഒരു വിഭാഗം മന്ത്രിമാര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുന്നതില്‍ തങ്ങള്‍ക്ക് വിരോധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് മന്ത്രിസഭ ഒറ്റക്കെട്ടായി തീരുമാനമെടുക്കേണ്ട വിഷയമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ച സാഹചര്യത്തില്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആരോഗ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.

-sk-

Share this news

Leave a Reply

%d bloggers like this: