തുടക്കത്തിലെ ആവേശം തീര്‍ന്നു, അയര്‍ലന്റിന് ഇപ്പോള്‍ സഹോദരന്‍ പിരിഞ്ഞുപോകുന്ന വിഷമം

ബ്രെക്‌സിറ്റിനു ശേഷവും ചില കാര്യങ്ങളിലെങ്കിലും ബ്രിട്ടനുമായുള്ള നല്ല ബന്ധം തുടരാന്‍ അയര്‍ലന്റിനെ യൂറോപ്യന്‍ യൂണിയന്‍ അനുവദിക്കണമെന്ന് വിദേശകാര്യമന്ത്രി ചാര്‍ലി ഫ്‌ളനാഗന്‍. യൂണിയനിലെ മറ്റു രാജ്യങ്ങളെ പോലെയല്ല അയര്‍ലന്റിന് ബ്രിട്ടനോടുള്ള ബന്ധമെന്ന് യൂണിയന്‍ അംഗങ്ങള്‍ മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ബ്രിട്ടന്‍ എന്തു തീരുമാനമെടുത്താലും അത് അയര്‍ലന്റിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും ബ്രിട്ടന്‍ വിട്ടുപോകുകയാണെങ്കില്‍ വടക്കന്‍ അയര്‍ലന്റും സ്‌കോട്ട്‌ലന്റും ഉള്‍പ്പെടെയുള്ളവരുമായി ഐക്യനിര കെട്ടിപ്പടുത്ത് പുതിയ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുമെന്നും പറഞ്ഞിരുന്ന അയര്‍ലന്റ് ഇപ്പോള്‍ വേര്‍പിരിയല്‍ ഉണ്ടാക്കാവുന്ന മുറിപ്പാടുകളെക്കുറിച്ചോര്‍ത്ത് വിഷമിക്കുന്ന അവസ്ഥയിലേക്കു മാറുകയാണെന്നാണ് ഐറിഷ് നേതാക്കളുടെ അടുത്ത ദിവസങ്ങളിലെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ബ്രെക്‌സിറ്റ് ഫലത്തിനു തൊട്ടുപിന്നാലെ നടന്ന യൂറോപ്യന്‍ കൗണ്‍സിലില്‍ പല കാര്യങ്ങളുടെയും ചര്‍ച്ചയില്‍ ബ്രിട്ടനു തുണയായെത്തിയ പ്രധാനമന്ത്രി എന്‍ഡാ കെന്നി തന്നെയായിരുന്നു ഇത് തുടങ്ങിവച്ചത്.
ബ്രെക്‌സിറ്റ് ഫലത്തെ കുറ്റബോേധത്തോടെയാണ് ഇപ്പോള്‍ തങ്ങള്‍ കാണുന്നതെന്ന് ഐറിഷ് വിദേശമന്ത്രി പറഞ്ഞു. അതേസമയം യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധത്തെ വിലകുറച്ചുകാണാനുമാവില്ല.
ബ്രെക്‌സിറ്റ് പൂര്‍ണമാകുന്നതോടെ മേഖലയിലെ സഞ്ചാരസ്വാതന്ത്യം അടക്കമുള്ളവയില്‍ നിയന്ത്രണങ്ങള്‍ വന്നേക്കുമെന്ന സൂചനകളുടെ പശ്ചാത്തലത്തിലാണ് അയര്‍ലന്റിന്റെ പുതിയ പ്രതികരണം. ബ്രിട്ടനിലേക്കുള്ള കയറ്റുമതിയുടെ കാര്യത്തില്‍ തടസ്സങ്ങളുണ്ടായാലും അത് രാജ്യത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് കണക്കുകൂട്ടലുകള്‍. ഇത്തരം മേഖലകളില്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗത്തുനിന്ന് ഇളവുകള്‍ നേടിയെടുക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: