ബ്രിട്ടനില്‍ ഇനി തെരേസ മേയ് യുഗം

മാര്‍ഗരറ്റ് താച്ചര്‍ യുഗത്തിന് കാല്‍നൂറ്റാണ്ടിനു ശേഷം ബ്രിട്ടന്റെ സാരഥ്യം വീണ്ടുമൊരു ഉരുക്കുവനിതയുടെ കൈകളിലേക്ക്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പുതിയ നേതാവായി തെരേസ മേയ് തെരഞ്ഞെടുക്കപ്പെട്ടതോടെ പ്രതീക്ഷിച്ചതിലും നേരത്തേ പടിയിറങ്ങാന്‍ ഡേവിഡ് കാമറൂണ്‍ തീരുമാനിച്ചു. ബുധനാഴ്ച കാമറൂണ്‍ രാജിക്കത്ത് നല്‍കും. വൈകിട്ടായിരിക്കും മേയുടെ സത്യപ്രതിജ്ഞാ ചടങ്ങ്.
രാജ്യത്തിന്റെ ഭാവി സംബന്ധിച്ച് ഉറച്ചതും ശുഭസൂചകവുമായ പുതിയ വീക്ഷണം അവതരിപ്പിക്കുമെന്ന് പുതിയ നേതാവായി തെരഞ്ഞെടുക്കപ്പെട്ടയുടനെ തെരേസ പ്രതികരിച്ചു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകുന്നതിനായി ബ്രിട്ടനിലെ ജനങ്ങളെടുത്ത തീരുമാനം ശരിയായ വിധത്തില്‍ നടപ്പാക്കുകയും രാജ്യത്തെ ഒരുമിപ്പിച്ചു നിര്‍ത്തുകയുമാണ് തന്റെ ആദ്യലക്ഷ്യങ്ങളെന്ന് അവര്‍ പറഞ്ഞു.
നേരത്തേ ബ്രെക്‌സിറ്റിനെ എതിര്‍ത്തിരുന്ന തെരേസ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ബ്രെക്‌സിറ്റില്‍ നിന്ന് പിറകോട്ടുപോകാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് അവര്‍ നയം വ്യക്തമാക്കിയത്. നേരത്തേ താന്‍ എതിര്‍ത്തിരുന്ന കാര്യമാണെങ്കിലും ജനവിധിയെ അംഗീകരിക്കേണ്ടതുണ്ടെന്ന നിലപാടാണ് മേയ് സ്വീകരിക്കുന്നത്.
പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് പ്രധാന എതിരാളിയായിരുന്ന ആന്‍ഡ്രിയ ലീഡ്‌സം കഴിഞ്ഞദിവസം മാതൃത്വത്തെക്കുറിച്ച് നടത്തിയ ചില പരാമര്‍ശങ്ങള്‍ സൃഷ്ടിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പിന്മാറിയതോടെയാണ് മേയുടെ വഴി നേരത്തേ തുറന്നുകിട്ടിയത്. കാമറൂണിന്റെ സര്‍ക്കാരില്‍ ആഭ്യന്തര സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു 59 കാരിയായ തെരേസ മേയ്.
തെരേസ മേയ് അധികാരമേല്‍ക്കുന്നതോടെ ലോകശക്തികളായ ജര്‍മനിയും ബ്രിട്ടനും ഒരേ സമയം വനിതകളുടെ ഭരണത്തിന്‍കീഴിലാവുകയാണ്. യുഎസില്‍ നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഹിലാരി ക്ലിന്റണ്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇതുവരെയില്ലാത്ത വിധത്തില്‍ വനിതകളുടെ ഒരു ത്രയമാകും ലോകത്തെ നയിക്കുക.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: