തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന് സാക്കിര്‍ നായിക്, ആരോപണങ്ങള്‍ അടിസ്ഥാന രഹിതം

താന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും ബംഗ്ലാദേശിലെ ഭീകര ആക്രമണത്തില്‍ പങ്കെടുത്തവരുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഇസ്ലാമിക മത പ്രഭാഷകന്‍ സാകിര്‍ നായിക്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് തീവ്രവാദ ബന്ധം ആരോപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സൗദി അറേബിയയില്‍ നിന്ന് സ്‌കൈപ്പിലൂടെ മാധ്യമങ്ങളുമായി സംവദിക്കവെയാണ് സാകിര്‍ നായിക് ആരോപണങ്ങളോട്  പ്രതികരിച്ചത്. ചാവേറാക്രമണങ്ങള്‍ ഇസ്ലാമിക വിരുദ്ധമാണെന്നും എന്നാല്‍ യുദ്ധമുറ എന്ന നിലയില്‍ ചാവേര്‍ അക്രമങ്ങളെ ചില മുസ്‌ലിം പണ്ഡിതര്‍ അംഗീകരിച്ചിട്ടുണ്ടെന്നും സാക്കിര്‍ നായിക് വ്യക്തമാക്കി.

നിരപരാധികളെ കൊല്ലുന്നത് കുറ്റകരമാണെന്നും സമാധാനം ആഹ്വാനം ചെയ്യുന്നവയാണ് തന്റെ പ്രഭാഷണങ്ങളെന്നും സാക്കിര്‍ നായിക് പറഞ്ഞു. മാധ്യമങ്ങള്‍ തന്റെ നിലപാടുകള്‍ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ അറിഞ്ഞുകൊണ്ട് ഒരു തീവ്രവാദിയേയും കണ്ടിട്ടില്ലെന്നും ചിലര്‍ തന്റെ അടുത്തുവന്ന് ഫോട്ടോ എടുക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അവര്‍ ആരാണെന്ന് തനിക്കറിയില്ലെന്നും സാക്കിര്‍ നായിക്ക് വ്യക്തമാക്കി.

സര്‍ക്കാരിന്റെ ഒരു ഔദ്യോഗിക സംവിധാനവും ഏതെങ്കിലും തരത്തിലുള്ള ചോദ്യവുമായി തന്നെ സമീപിച്ചിട്ടില്ലെന്നും ഇന്ത്യന്‍ സര്‍ക്കാരുമായോ പൊലീസുമായോ പ്രശ്‌നവുമില്ലെന്നും അദ്ദേഹം പറഞ്ഞു.  ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണെന്നും സാക്കിര്‍ നായിക് വ്യക്തമാക്കി. 25 വര്‍ഷമായി താന്‍ മതപ്രഭാഷണം നടത്തുന്നുണ്ടെന്നും നിരപരാധിയായ ഒരാളെ കൊല ചെയ്താല്‍ ലോകത്തെ മനുഷ്യരെ മുഴുവന്‍ കൊല ചെയ്തതിന് തുല്യമാണെന്ന് പറയുന്ന ഒരേയൊരു വിശുദ്ധ ഗ്രന്ഥം ഖുര്‍ആനാണെന്നും അദ്ദേഹം പറഞ്ഞു.

‘ തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണയാണ്. ബ്രിട്ടനില്‍ മാത്രമാണ് തന്റെ പ്രഭാഷണം വിലക്കിയിട്ടുള്ളത്. മലേഷ്യയില്‍ വിലക്കിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ആ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി തനിക്ക് ലഭിച്ചിട്ടുണ്ട്. എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങളിലും അപലപിക്കുന്നു. മാധ്യമങ്ങള്‍ തന്റെ പ്രസ്താവനകള്‍ വളച്ചൊടിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തന്നെ ഞെട്ടിച്ചു.’ അദ്ദേഹം അറിയിച്ചു.

വേദി സംബന്ധിച്ച അനിശ്ചിതത്വം മൂലം സാകിര്‍ നായികിന്റെ സ്‌കൈപ് വഴിയുള്ള വാര്‍ത്താ സമ്മേളനം ഇന്നലെ റദ്ദാക്കിയിരുന്നു. ഇപ്പോള്‍ സൗദി അറേബ്യയിലുള്ള സാകിര്‍ നായിക് ഇന്ന് രാവിലെ 11 മണിക്ക് ദക്ഷിണ മുംബൈയിലെ ബോയ്‌സ് ഹാളില്‍ വെച്ചാണ് വീഡിയോ കോണ്‍ഫറന്‍സില്‍ മാധ്യ പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തിയത്.

-sk-

Share this news

Leave a Reply

%d bloggers like this: