കൊച്ചിയില്‍ വീണ്ടും ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; വിശാലിന്റെ ഹൃദയം ഇനി സന്ധ്യയുടെ ഉള്ളില്‍ മിടിക്കും

കേരളത്തിനാകെ അഭിമാനകരമായി കൊച്ചി ലിസി ആശുപത്രിയില്‍ വീണ്ടും ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. സ്‌കൂളില്‍ നിന്നു മടങ്ങുന്നതിനിടെ കാറിടിച്ചു പരിക്കേറ്റ് മരണത്തിനു കീഴടങ്ങിയ തിരുവനന്തപുരം മുക്കോലയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി വിശാലിന്റെ ഹൃദയം കൊച്ചിയിലെ ഇരുപത്തേഴുകാരിയായ സന്ധ്യയില്‍ മിടിച്ചുതുടങ്ങി. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
മണ്ണന്തല മുക്കോല സെന്റ് തോമസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന വിശാല്‍ ജൂലായ് 16 നു സംഭവിച്ച അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം നാലരയ്ക്കാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. പിതാവ് സതീശന്‍ നായരടക്കമുള്ള ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതിച്ചതിനെ തുടര്‍ന്നാണ് ഹൃദയത്തിന് ഗുരുതരമായ തകരാര്‍ സംഭവിച്ച് കൊച്ചിയില്‍ ചികിത്സയിലായിരുന്ന സന്ധ്യയ്ക്ക് ഹൃദയം മാറ്റിവയ്ക്കല്‍ നടത്താന്‍ സാഹചര്യമൊരുങ്ങിയത്.
കൊച്ചിയില്‍ നിന്നെത്തിയ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം തിരുവനന്തപുരം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ രണ്ട് മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വിശാലിന്റെ ശരീരത്തില്‍ നിന്ന് വിജയകരമായി വേര്‍പെടുത്തിയ ഹൃദയം നാവികസേനയുടെ പ്രത്യേക വിമാനത്തിലാണ് കൊച്ചിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഡോ. ജോസ് ചാക്കോയുടെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് സന്ധ്യയുടെ ശരീരത്തില്‍ വച്ചുപിടിപ്പിച്ചത്.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: