കേരളത്തില്‍ പുതിയ കോഴ്‌സുകള്‍ ഇനി സര്‍ക്കാര്‍ കോളേജുകളില്‍ മാത്രം

കേരളത്തില്‍ തല്‍ക്കാലത്തേക്ക് സര്‍ക്കാര്‍ കോളേജുകളില്‍ മാത്രമേ ഇനി പുതിയ കോഴ്‌സുകള്‍ അനുവദിക്കേണ്ടതുള്ളൂ എന്ന് സര്‍ക്കാര്‍ തീരുമാനം. അണ്‍ എയ്ഡഡ്/ സ്വാശ്രയ മേഖലയില്‍ നിയന്ത്രണമില്ലാതെ പുതിയ കോഴ്‌സുകള്‍ തുടങ്ങുന്നത് സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയുടെ നിലവാരത്തകര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാനത്തെ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് തീരുമാനം അറിയിച്ചത്.
നിയന്ത്രണമില്ലാതെ കോഴ്‌സുകള്‍ തുടങ്ങിയതു മൂലം സംസ്ഥാനത്തെ എന്‍ജിനീയറിങ് കോഴ്‌സുകള്‍ക്കും ആര്‍ട്‌സ് ആന്റ് സയന്‍സ് മേഖലയിലെ കോഴ്‌സുകള്‍ക്കും ഒരുപോലെ നിലവാരത്തകര്‍ച്ച സംഭവിച്ചതായി യോഗം വിലയിരുത്തി. സര്‍ക്കാര്‍ തീരുമാനത്തെ വൈസ് ചാന്‍സലര്‍മാര്‍ സ്വാഗതം ചെയ്തു.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത് കൂടുതല്‍ അച്ചടക്കവും ആസൂത്രണവും വേണമെന്ന് മന്ത്രി നിര്‍ദേശിച്ചു. എല്ലാ സര്‍വകലാശാലകളും അക്കാദമിക് കലണ്ടര്‍ തയ്യാറാക്കുകയും അത് കൃത്യമായി പാലിച്ചുകൊണ്ട് പരീക്ഷകള്‍ നടത്തുകയും ഫലം പ്രഖ്യാപിക്കുകയും ചെയ്യണം. സംസ്ഥാനത്തെ സര്‍വകലാശാലകള്‍ ചേര്‍ന്ന് ഒരു ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ പുറത്തിറക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: