ക്ഷേത്രത്തില്‍ വിലക്ക്: 250 ദളിത് കുടുംബങ്ങള്‍ മതം മാറാന്‍ ഒരുങ്ങുന്നു

നാഗപട്ടണം: ക്ഷേത്രത്തില്‍ പൂജ ചെയ്യാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ 250 ദളിത് കുടുംബങ്ങള്‍ മതം മാറാന്‍ ഒരുങ്ങുന്നു. നാഗപട്ടണം ജില്ലയിലെ പഴങ്കല്ലിമേട് ഗ്രാമത്തിലെ 250 ദളിത് കുടുംബങ്ങളില്‍ പെട്ട ഹിന്ദുമത വിശ്വാസികളാണ് കാലങ്ങളായുള്ള വിവേചനത്തില്‍ പ്രതിഷേധിച്ച് മതം മാറാന്‍ തീരുമാനിച്ചിരിക്കുന്നത്. ആറോളം ദളിത് കുടുംബങ്ങള്‍ മതം മറി ഇസ്ലാം മതം സ്വീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്.  വര്‍ഷം തോറുമുള്ള അഞ്ച് ദിവസം നീളുന്ന ഉത്സവത്തില്‍ തങ്ങള്‍ക്കും ക്ഷേത്രത്തില്‍ പൂജ നടത്താന്‍ അവസരം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

തങ്ങളുടെ ആവശ്യം ജില്ലാ ഭരണകൂടത്തോടും പോലീസിനോടും നിരവധി തവണ ആവര്‍ത്തിച്ചിട്ടും ഫലമുണ്ടാകാത്തതിനെത്തുടര്‍ന്നാണ് ഇവരുടെ തീരുമാനം. ഇവരുടെ ആധാര്‍ കാര്‍ഡ് ഭരണാധികാരികള്‍ക്ക് തിരിച്ചു നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. അധികാരികള്‍ നടത്തിയ ചര്‍ച്ചയില്‍ ദളിതര്‍ക്ക് പൂജയ്ക്കായി കുറച്ച് സമയം അനുവദിക്കാമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചെങ്കിലും ഇത് സ്വീകരിക്കാന്‍ ഇവര്‍ തയ്യാറായില്ല. എല്ലാ സമയത്തും തങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയണമെന്നാണ് ഇവരുടെ ആവശ്യം.

പഴങ്കല്ല്‌മേട് ഗ്രാമത്തില്‍ 400 കുടുംബങ്ങളാണുള്ളത്. ഇതില്‍ 180 ഉം ദളിത് കുടുംബങ്ങളാണ്. ചര്‍ച്ചകൊണ്ട് ഫലമില്ലാത്തതിനാല്‍ മതം മാറുക മാത്രമാണ് ഏക പോംവഴിയെന്ന് ഇവര്‍ പറയുന്നു.  240 കിലോമീറ്റര്‍ അകലെയുള്ള കരൂരില്‍ നാഗപ്പള്ളി ഗ്രാമത്തില്‍ 70 ദളിത് കുടുംബങ്ങളും ഇതേ അവസ്ഥയില്‍ മതം  മാറാനുള്ള തീരുമാനത്തിലാണ്. അതേസമയം മതപരിവര്‍ത്തനം നടത്തരുതെന്ന് ഹിന്ദു സംഘടനാ നേതാക്കള്‍ ഇവരോട് ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: