ഐ എസില്‍ ചേര്‍ന്നെന്ന് കാണാതായ കാസര്‍കോട് സ്വദേശി, അഷ്ഫാഖ് ബന്ധുക്കള്‍ക്ക് ശബ്ദ സന്ദേശമയച്ചു

കാസര്‍കോട്: ഐ എസില്‍ ചേര്‍ന്നതായി അറിയിച്ചുകൊണ്ടുള്ള അഷ്ഫാഖിന്റെ ശബ്ദ സന്ദേശം സഹോദരന് ലഭിച്ചു. കാസര്‍കോട് നിന്നും കാണാതായ ഷ്ഫാഖിന്റെ ശബ്ദ സന്ദേശത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ അടങ്ങിയിരിക്കുന്നത്. ഇസ്‌ലാമിക് സ്റ്റേറ്റ് കേന്ദ്രത്തിലാണ് തങ്ങളുള്ളത് എന്ന് വ്യക്തമാക്കുന്നതാണ് അഷ്ഫാഖിന്റെ സന്ദേശം. പടന്നയിലെ ഡോ ഹിജാസ് ഐ എസിലെത്തിയെന്ന് വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശം നേരത്തെ പുറത്തുവന്നിരുന്നു.

ഹിജറ കഴിഞ്ഞെന്നും ഹിജറ ചെയ്തു കഴിഞ്ഞാല്‍ പിന്നെ തിരിച്ചു പോവാന്‍ അനുവാദമില്ലെന്നും അഷ്ഫാഖിന്റെ ശബ്ദ സന്ദേശത്തില്‍ പറയുന്നു. ഇനി ഞങ്ങള്‍ നാട്ടിലേക്കില്ലെന്നും ഇയാള്‍ വ്യക്തമാക്കുന്നുണ്ട്. ഇസ്ലാമിക തത്വങ്ങള്‍ക്ക് അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐ എസ് എന്നും സന്ദേശത്തില്‍ പറയുന്നു. പടന്നയില്‍ നിന്ന് കാണാതായവര്‍ എല്ലാം ഒരേ കേന്ദ്രത്തില്‍ ഉണ്ടെന്നും ഐ എസ് ബന്ധത്തിന്റെ പേരില്‍ ബന്ധുക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാം എന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നു. തങ്ങള്‍ക്കൊരു ലക്ഷ്യമുണ്ടെന്നും അതിനായി എന്ത് വിലകൊടുക്കാനും തയ്യാറാണെന്നും സന്ദേശത്തില്‍ പറയുന്നു.

ഞങ്ങള്‍ നിങ്ങളുമായി വീണ്ടും ബന്ധപ്പെടുമെന്നും ഇയാള്‍ അറിയിക്കുന്നുണ്ട്. പോലീസില്‍ വിവരമറിയിക്കരുതെന്നും ഇതിനുള്ള പ്രത്യാഘാതം ബന്ധുക്കള്‍ക്ക് നേരിടേണ്ടിവരുമെന്നും കാണാതായവരുടെ ശബ്ദസന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. പടന്നയില്‍ നിന്നും കാണാതായ ഞങ്ങളെല്ലാം ഒരേ കേന്ദ്രത്തിലുണ്ടെന്നും നാട്ടില്‍ നിന്നും പോരുമ്പോള്‍ ഒരുപാട് കള്ളം പറയേണ്ടി വന്നിട്ടുണ്ടെന്നും ശബ്ദസന്ദേശത്തില്‍ വ്യക്തമാക്കുന്നു.

കള്ളം പറയേണ്ടി വന്നതില്‍ ഏറെ വിഷമമുണ്ടെന്നും കള്ളം പറയാതെ ഞങ്ങള്‍ക്ക് ഈ സ്ഥലത്ത് എത്തിച്ചേരാനാവില്ലെന്നും ഇവര്‍ പറയുന്നു. തങ്ങള്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ എത്തിയെന്നതിന് പ്രചാരണം നല്‍കുമ്പോള്‍ അത് നിങ്ങള്‍ക്ക് തന്നെയാണ് ബുദ്ധിമുട്ടുണ്ടാക്കുകയെന്ന മുന്നറിയിപ്പും സന്ദേശം നല്‍കുന്നുണ്ട്. അതേസമയം, കാസര്‍ഗോഡ് നിന്നും കാണാതായ 17 പേര്‍ക്കെതിരെ യു എ പി എ ചുമത്തണമെന്ന റിപ്പോര്‍ട്ട് പൊലീസ്  സമര്‍പ്പിച്ചു.

-sk-

Share this news

Leave a Reply

%d bloggers like this: