തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ലണ്ടനില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചു

ലണ്ടന്‍: രാജ്യത്തും പുറത്തും നടന്ന തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ലണ്ടനില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചു. 600 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് അധികമായി നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. രാജ്യത്ത് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി  ഇന്ന് മുതലാണ് ഉദ്യോഗസ്ഥരെ കൂടുതലായി വിന്യസിച്ചിരിക്കുന്നത്. സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. ഓപ്പറേഷന്‍ ഹെര്‍ക്കുലസ് എന്നാണ് പുതിയ പദ്ധതിക്ക് പേര് നല്‍കിയിരിക്കുന്നത്.

ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പദ്ധതിയെ സ്വാഗതം ചെയ്തു. തീവ്രവാദ ഭീഷണിയെ പ്രതിരോധിക്കുന്നതിനാണ് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് പള്ളിയില്‍ നടത്തിയ ആക്രമണത്തില്‍ 86 വയസുകാരനായ പുരോഹിതന്‍ കൊല്ലപ്പെട്ട ആക്രമണത്തിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ലണ്ടനില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ സുരക്ഷയ്ക്ക് വിന്യസിച്ചിരിക്കുന്നത്. ദയേഷ് വിളികളോടെയാണ് ഫ്രഞ്ച് പള്ളിയില്‍ ആക്രമണം നടത്തിയിരുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്രവാദി സംഘടനയായ ഐ എസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.

മികച്ച പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നതെന്നും വാഹനങ്ങളിലും അല്ലാതെയുമായി ഉദ്യോഗസ്ഥര്‍ എല്ലാ സമയത്തും ലണ്ടന്‍ നഗരത്തില്‍ പെട്രോളിങ് നടത്തുമെന്നും കമ്മീഷ്ണര്‍ ബെര്‍നാഡ് ഹോഗന്‍ പറഞ്ഞു. ജനങ്ങളോടുള്ള തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റേണ്ടതുണ്ടെന്നും ജനങ്ങളുടെ സുരക്ഷ ഗൗരവതരമാണെന്നും കമ്മീഷ്ണര്‍ അറിയിച്ചു. ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ ഒരു അലംഭാവവും കാണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

-sk-

Share this news

Leave a Reply

%d bloggers like this: