ലണ്ടനില്‍ കഠാര ആക്രമണം: ഒരു സ്ത്രീ മരിച്ചു, 5 പേര്‍ക്ക് പരിക്ക്

ലണ്ടന്‍: വടക്കന്‍ ലണ്ടനില്‍ നടന്ന കഠാന ആക്രമണത്തില്‍ ഒരു സ്ത്രീ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമണം നടന്നത്. 60 വയസുള്ള സ്ത്രീയാണ് മരണപ്പെട്ടിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 19 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് മാനസിക രോഗമുള്ളതായി സംശയിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും സ്‌കോട്ട്‌ലന്റ് യാഡ് വ്യക്തമാക്കി.

ബ്രിട്ടീഷ് മ്യൂസിയത്തിനും യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനും സമീപമാണ് ആക്രമണം നടന്നത്. യുവാവ് കത്തികൊണ്ടു വഴിയാത്രക്കാരെ ആക്രമിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി പ്രദേശിക സമയം 10.30നാണ് ഇയാള്‍ ആക്രമണം നടത്തിയത്. റസ്സല്‍ സ്‌ക്വയറില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോലീസ് കസ്റ്റഡിയിലെടുത്ത ഇയാള്‍ ഇപ്പോള്‍ നഗരത്തിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ 60 കാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിഗമനം. സ്ഥലത്ത് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.  ആക്രമണത്തെത്തുടര്‍ന്ന് ബ്രിട്ടീഷ് മ്യൂസിയവും ലണ്ടന്‍ യൂണിവേഴ്‌സിറ്റിയും അടച്ചു. രാജ്യത്തും പുറത്തും നടന്ന തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ലണ്ടന്‍ നഗരത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. 600 സുരക്ഷാ ഉദ്യോഗസ്ഥരെയായിരുന്നു അധികമായി വിന്യസിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നിരിക്കുന്നത്.

-sk-

Share this news

Leave a Reply

%d bloggers like this: