ലില്ലിയുമായി മടങ്ങാന്‍ കഴിയാതെ ക്രിസും മൈക്കിളും …

ബ്രിട്ടിഷുകാരായ ക്രിസ്, മൈക്കിള്‍ ന്യുമാന്‍ ദമ്പതികള്‍ക്കാണ് സ്വന്തം മകളുമായി നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത ദുരനുഭവം ഉണ്ടായിരിക്കുന്നത്. നാല് മാസം മുന്‍പാണ് വാടക ഗര്ഭധാരണവുമായി ബന്ധപ്പെട്ട് ഇരുവരും ഇന്ത്യയില്‍ എത്തി ചേര്‍ന്നത് . ഇരുപത്തഞ്ചു വയസു പ്രായമുള്ള മുംബൈയിലെ ഒരു യുവതിയുടെ ഗര്‍ഭപാത്രം ഇവര്‍ വാടകയ്ക്കെടുക്കുകയായിരുന്നു. അവര്‍ ഒരു പെണ്‍ കുഞ്ഞിനെ പ്രസവിക്കുകയും അവള്‍ക്ക് ലില്ലി എന്ന പേര് ഇടുകയും ചെയ്തു. തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

കുഞ്ഞിനെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പാസ്‌പോര്‍ട്ടിനായി ജൂണ്‍ മൂന്നിന് ഇവര്‍ അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ പാസ്‌പോര്‍ട്ട് രജിസ്‌ട്രേഷന് കാലതാമസം നേരിടുമെന്നും മാതാപിതാക്കള്‍ തിരിച്ച് നാട്ടിലേക്ക് പോകാനും അധികൃതര്‍ അറിയിച്ചു. ദമ്പതികളുടെ ഇന്ത്യന്‍ വിസയുടെ കാലാവധി അടുത്തമാസം ഏഴാം തിയതി അവസാനിക്കുകയാണ്. ഇതിനുള്ളില്‍ പാസ്‌പോര്ട്ട് ശരിയായില്ലെങ്കില്‍ ലില്ലിയെ ഏതെങ്കിലും അനാഥാലയത്തില്‍ ആക്കേണ്ട ഗതികേടിലാണ് ഇരുവരും.

പ്രത്യേക മെഡിക്കല്‍ വിസയിലാണ് ഇരുവരും ഇന്ത്യയിലേക്ക് എത്തിയത്. പ്രസവ സമയത്ത് ഇന്ത്യയില്‍ താമസിക്കുവാനുള്ള അനുവാദം മാത്രമേ ഉണ്ടായിരുന്നുള്ളു. മുംബൈയിലെ ഒരു അപ്പാര്‍ട്ട്‌മെന്റ്റിലാണ് ഇരുവരും താത്കാലികമായി താമസിക്കുന്നത്. നാട്ടിലേക്ക് തിരിച്ചുപോയി വീണ്ടും വരിക എന്ന മാര്‍ഗ്ഗം മാത്രമേ ഇനി അവര്‍ക്കു മുന്പിലുള്ളു.

‘കുഞ്ഞുങ്ങളുണ്ടാകാനുള്ള ഞങ്ങളുടെ അവസാന ശ്രമമായിരുന്നു ഇത്. അമ്മയാകാന്‍ അനവധി നാളത്തെ പരിശ്രമങ്ങള്‍ക്ക് ഒടുവിലാണ് വാടക ഗര്‍ഭപാത്രം എന്ന ആശയം ഉരുത്തിരിഞ്ഞു വന്നത്. ലില്ലി ജനിച്ചതോടെ ഞങ്ങള്‍ തീര്‍ത്തും അനുഗ്രഹിക്കപ്പെട്ടവരായി തോന്നി.ഞങ്ങള്‍ കണ്ട സ്വപ്നങ്ങള്‍ക്കുള്ള ഉത്തരമായിരുന്നു ലില്ലി. അവളെ പിരിയുന്ന കാര്യം എനിക്ക് ചിന്തിക്കാന്‍ കൂടി കഴിയുന്നില്ല.’ – ക്രിസ് വാര്‍ത്ത ലേഖകരോട് പറഞ്ഞു. ഞങ്ങള്‍ക്ക് ഇവിടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല. ഒരു പിതാവിനും ചിന്തിക്കാന്‍ കഴിയാത്ത മാനസിക സംഘര്‍ഷമാണ് ഞാന്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ‘. ക്രിസ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ബ്രിട്ടീഷ് അധികൃതരില്‍ നിന്ന് സഹായങ്ങള്‍ ലഭിച്ചു എന്നും, എന്നാല്‍ ലിവര്‍പൂളിലെ പാസ്‌പോര്‍ട്ട് ഓഫീസ് വളരെ മന്ദഗതിയിലാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും ക്രിസ് പരാതിപ്പെട്ടു. കുഞ്ഞിന്റെ ബ്രിട്ടിഷ് പൗരത്വം വാടക ഗര്ഭപാത്ര നിയമങ്ങള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ട് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നാണ് എച്. എം അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ലില്ലിയെ അനാഥാലയത്തിലാക്കുന്നത് ഒരു പരിഹാരമാര്‍ഗ്ഗം അല്ലെന്നും ക്രിസ് മൈക്കിള്‍ ദമ്പതികളുടെ പാസ്‌പോര്‍ട്ട് കാലാവധി നീട്ടുവാനുള്ള സഹായങ്ങള്‍ ചെയ്യാമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ പ്രതികരിച്ചു. എന്നാല്‍ വാണിജ്യ പരമായ വാടക ഗര്‍ഭധാരണത്തെ ചോദ്യം ചെയ്യാനും മന്ത്രി മറന്നില്ല.

40 വയസ് പ്രായമുള്ള ദമ്പതികള്‍ മീഡിയയിലും ഹ്യൂമന്‍ റിസോഴ് മാനേജ്‌മെന്ററ്റിലുമായി ജോലി ചെയ്യുന്നു. മൂന്ന് മാസം പ്രായമുള്ള മകളുമായി നാട്ടിലേക്ക് മടങ്ങുന്നത് സ്വപ്നം കാണുകയാണ് ഈ ബ്രിട്ടീഷ് ദമ്പതികള്‍.

 

 

Share this news

Leave a Reply

%d bloggers like this: