അമേരിക്കയ്ക്ക് ഇന്ന് വിധി എഴുത്ത്…

വാഷിംഗ്ടണ്‍: ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി മാസങ്ങള്‍ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ അമേരിക്കന്‍ ജനത ഇന്ന് വിധിയെഴുതും. യുഎസ് ന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വിവാദം നിറഞ്ഞതും കടുപ്പമേറിയതുമായ തെരെഞ്ഞെടുപ്പില്‍ ഇരു പക്ഷവും ആത്മവിശ്വാസത്തിലാണ്. നാളെ രാത്രിയോടെ ആദ്യ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങും.

ഏറ്റവും അവസാനം പുറത്തുവന്ന സര്‍വ്വേ പ്രകാരം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ നേരിയ മുന്‍തൂക്കം മാത്രമാണ് ഉള്ളത്. അയോവ, മിനിസോട്ട, മിഷിഗണ്‍, പെന്‍സില്‍വാനിയ, വിര്‍ജീനിയ, ഫ്‌ലോറിഡ, നോര്‍ത്ത് കരോലിന, ന്യു ഹാംഷെയര്‍, എന്നീ സംസ്ഥാനങ്ങളിലായിരുന്നു ട്രംപിന്റെ അവസാനവട്ട പ്രചാരണം. നോര്‍ത്ത് കരോലിനയിലെ റീലീഹിലായിരുന്നു ഹിലരിയുടെ അവസാന പ്രചാരണ വേദി.

ഹിലരിക്കും ട്രംപിനും പുറമെ ലിബറട്ടേറിയന്‍ പാര്‍ട്ടിയുടെ ഗാരി ജോണ്‍സണ്‍, ഗ്രീന്‍ പാര്‍ട്ടിയുടെ ജില്‍ സ്റ്റെയ്ന്‍, സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഇവാന്‍ മാക്മുള്ളിന്‍ എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍. പ്രചാരണ അവസാന ദിനമായ ഇന്നലെ ഹിലരിക്കെതിരായ ഇ-മെയില്‍ കേസില്‍ എഫ്ബിഐ ക്‌ളീന്‍ ചിറ്റ് നല്‍കിയിരുന്നു. ജയിച്ചാല്‍ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റാവും ഹിലരി ക്ലിന്റണ്‍.

അതേസമയം ഹിലരിക്ക് അനുകൂലമായ എഫ്ബിഐ യുടെ നിലപാടിനെ വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തി. ഹിലരിയുടെ ആറര ലക്ഷം ഇ-മെയിലുകള്‍ ഒരാഴ്ച കൊണ്ട് എഫ്ബിഐ പരിശോധിച്ചുവെന്ന് പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കുമെന്നും ട്രംപ് ചോദിച്ചു. സെനറ്റിലേക്കും കോണ്‍ഗ്രസ്സിലേക്കുമായി ആറ് ഇന്ത്യന്‍ വംശജര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കായി മത്സരിക്കുന്നുണ്ട്. ഇതില്‍ രണ്ട് പേര്‍ മലയാളികളാണ്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: